കൊല്ലം: പരവൂരിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്. അനീഷ്യയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ ഉറപ്പ് നൽകി. അനീഷ്യയുടെ കുടുംബം മുഖ്യമന്ത്രിയെ നേരിൽ കണ്ട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. 2024 ജനുവരി 21-നാണ് അനീഷ്യയെ പരവൂരിലെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സഹപ്രവർത്തകരിൽ നിന്നും മേലുദ്യോഗസ്ഥരിൽ നിന്നും നേരിട്ട കടുത്ത മാനസിക പീഡനമാണ് അനീഷ്യയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുടുംബത്തിന്റെ പരാതി.
മരണത്തിന് മുൻപ് അനീഷ്യ എഴുതിയ ആത്മഹത്യാ കുറിപ്പിലും, സുഹൃത്തുക്കൾക്ക് അയച്ച ഓഡിയോ സന്ദേശങ്ങളിലും ഓഫീസിലെ പീഡനങ്ങളെക്കുറിച്ച് കൃത്യമായി പരാമർശിച്ചിരുന്നു. ജോലിസ്ഥലത്തെ അനാവശ്യമായ സമ്മർദ്ദങ്ങളും വ്യക്തിഹത്യയും തന്നെ മാനസികമായി തകർത്തുവെന്ന് ഓഡിയോ സന്ദേശങ്ങളിൽ വ്യക്തമായിരുന്നു. കേസുമായി ബന്ധപ്പെട്ട് അനീഷ്യയുടെ മേലുദ്യോഗസ്ഥനായിരുന്ന ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ എസ്. അബ്ദുൽ ജലീൽ, സഹപ്രവർത്തകനായ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. ശ്യാംകൃഷ്ണ എന്നിവരെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനും അന്വേഷണം ഊർജ്ജിതമാക്കുന്നതിനുമായാണ് ഇപ്പോൾ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നത്.