പശ്ചിമേഷ്യയിലെ ഏറ്റവും സ്വാധീനശേഷിയുള്ള മാർക്കറ്റിംഗ് പ്രൊഫഷ്ണലുകളെ ഉൾപ്പെടുത്തി ഫോർബ്സ് മിഡിൽ ഈസ്റ്റ് പ്രസിദ്ധീകരിച്ച “2026 ലെ ഏറ്റവും സ്വാധീനമുള്ള സി എം ഒ–കളുടെ ” പട്ടികയിൽ ഇടം നേടി ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ.
അഞ്ച് വർഷത്തിലൊരിക്കൽ മാത്രം പ്രസിദ്ധീകരിക്കുന്ന ഈ പട്ടികയിൽ വിവിധ മേഖലകളിലെ മുൻനിര സ്ഥാപനങ്ങളിലെ 101 മാർക്കറ്റിംഗ് പ്രൊഫഷണലുകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അഡ്നോക് , ദുബായ് ഹോൾഡിംഗ്, അബുദാബി ഇസ്ലാമിക് ബാങ്ക്, അൽ-ഫുത്തൈം ഗ്രൂപ്പ്, ഡി ഐ എഫ് സി ദുബായ്, ക്ലീവ്ലാൻഡ് ക്ലിനിക് അബുദാബി, ഖത്തർ ഫിനാൻഷ്യൽ സെന്റർ, ലുലു ഗ്രൂപ്പ്തുടങ്ങിയ മിഡിൽ ഈസ്റ്റിലെ മുൻനിര സ്ഥാപനങ്ങളിലെ മാർക്കറ്റിംഗ് മേധാവികളാണ് പട്ടികയിൽ ഇടം നേടിയത്.
തിരുവനന്തപുരം സ്വദേശിയായ വി. നന്ദകുമാർ, ഫോർബ്സ് മിഡിൽ ഈസ്റ്റ് 2020ൽ പ്രസിദ്ധീകരിച്ച പട്ടികയിലും ഇടം നേടിയിരുന്നു. രണ്ട് പതിപ്പുകളിലും അംഗീകാരം നേടുന്ന അപൂർവ നേട്ടമാണ് അദ്ദേഹം കൈവരിച്ചിരിക്കുന്നത്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമ, മാർക്കറ്റിംഗ്, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് രംഗത്തെ അനുഭവസമ്പത്തുള്ള നന്ദകുമാർ കഴിഞ്ഞ 26 വർഷമായി ലുലു ഗ്രൂപ്പിനൊപ്പമാണ് പ്രവർത്തിക്കുന്നത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്കൊപ്പം അടുത്ത് പ്രവർത്തിച്ച അദ്ദേഹം, ഗ്രൂപ്പിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.