കോഴിക്കോട്: കർണാടകയിൽ കോൺഗ്രസ് സർക്കാരിലുണ്ടായ നേതൃമാറ്റത്തെ പരിഹസിച്ച് വി. ശിവൻകുട്ടി. കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി.കെ. ശിവകുമാർ എത്തുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ ലക്ഷ്യമിട്ട് ശിവൻകുട്ടി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.
“കർണാടകയിൽ ഡി.കെ.. ഇവിടേം തയ്ച്ചു വെച്ചോ ഒരെണ്ണം, താമസിയാതെ ആവശ്യം വരും” എന്നായിരുന്നു ശിവൻകുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്. കർണാടകയിലേതുപോലെ കേരളത്തിലും മുഖ്യമന്ത്രി പദം പങ്കിടേണ്ടി വരുമെന്ന സാധ്യതയെ പരോക്ഷമായി പരിഹസിച്ചുകൊണ്ടാണ് അദ്ദേഹം ഈ പോസ്റ്റ് പങ്കുവെച്ചത്.
കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശം അംഗീകരിച്ച് സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ തീരുമാനിച്ചതോടെയാണ് കർണാടകയിൽ രാഷ്ട്രീയ നീക്കങ്ങൾ വേഗത്തിലായത്. ബെംഗളൂരുവിലെ സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയിൽ നടന്ന യോഗത്തിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സിദ്ധരാമയ്യയുടെ കാൽ തൊട്ടു വണങ്ങുകയും, ഡി.കെ. ശിവകുമാറിന് പൂർണ പിന്തുണ നൽകാൻ സിദ്ധരാമയ്യ മന്ത്രിമാരോടും പ്രവർത്തകരോടും ആവശ്യപ്പെടുകയും ചെയ്തു.
സിദ്ധരാമയ്യ രാജിവെച്ചതോടെ ഡി.കെ. ശിവകുമാറിനെ പുതിയ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കാനുള്ള നടപടികൾ കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്. ഇതിന് മേൽനോട്ടം വഹിക്കാൻ എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല ബെംഗളൂരുവിലെത്തിയിട്ടുണ്ട്. സിദ്ധരാമയ്യക്ക് രാജ്യസഭാ സീറ്റും അദ്ദേഹത്തിന്റെ മകൻ യതീന്ദ്രക്ക് മന്ത്രിസ്ഥാനവും ഹൈക്കമാൻഡ് വാഗ്ദാനം ചെയ്തതായാണ് വിവരം.
അതേസമയം, ഡി.കെ. ശിവകുമാറിന്റെ അനുയായികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷങ്ങൾ ആരംഭിച്ചെങ്കിലും, മുതിർന്ന നേതാവായ സിദ്ധരാമയ്യയെ മാറ്റുന്നതിനെതിരെ പിന്നാക്ക വിഭാഗങ്ങളും അദ്ദേഹത്തിന്റെ ക്യാമ്പിലെ ഒരുവിഭാഗം നേതാക്കളും കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.