അമ്പലപ്പുഴ: നിർമാണ പ്രവർത്തനങ്ങൾ നിലച്ചതിനെത്തുടർന്ന് അപകട സാധ്യത വർധിച്ച അന്പ ലപ്പുഴ ജംഗ്ഷനിൽ ഗതാഗത നിയന്ത്രണത്തിന് നടപടി സ്വീകരിക്കാൻ നിർദേശം.ജി.സുധാകരൻ എംഎൽഎയാണ് ഇതുസംബന്ധിച്ച നിർദേശം പോലീസിന് കൈമാറിയത്. ജംഗ്ഷനിൽ അടിപ്പാത വേണമെന്ന ആവശ്യത്തെത്തുടർന്ന് സമര സമിതിയുടെ നേതൃത്വത്തിൽ ഇവിടെ മാസങ്ങളോളം നാട്ടുകാർ സമരം നടത്തിയിരുന്നു.
ഇതിൽ യാതൊരു തീരുമാനവും ഉണ്ടാകാതെ വന്നതോടെയാണ് ഇവിടെ നിർമാണ പ്രവർത്തനങ്ങൾ നിലച്ചത്.എന്നാൽ മഴയായതോടെ ജംഗ്ഷൻ കുണ്ടും കുഴിയുമായി തകർന്നടിഞ്ഞ് നിത്യവും അപകടങ്ങൾക്കും കാരണമായി. തുടർന്ന് നാട്ടുകാർ പരാതി നൽകിയതിനെത്തുടർന്ന് ജില്ലാ നിയമ സേവന അഥോറിറ്റി പ്രതിനിധി ബി.ബിന്ദു ഭായ് ഇവിടെയെത്തി അന്വേഷണം നടത്തി ഗതാഗത നിയന്ത്രണത്തിന് ഹോം ഗാർഡിനെ നിയോഗിക്കണമെന്ന റിപ്പോർട്ട് കൈമാറിയിരുന്നു.
ഇതിനു പിന്നാലെയാണ് ജി.സുധാകരൻ എംഎൽഎയും സ്ഥലം സന്ദർശിച്ചത്. എസ്എൻ കവല ജംഗ്ഷനിൽ ഗതാഗത നിയന്ത്രണത്തിന് പോലീസോ ഹോം ഗാർഡോ ഇല്ലാത്തത് എല്ലാ ദിവസവും വലിയ അപകടത്തിനും ഗതാഗതക്കുരുക്കിനും വഴിവയ്ക്കുകയാണ്. നാട്ടുകാരുടെ പരാതി നേരിൽക്കണ്ട് മനസിലാക്കിയ ജി.സുധാകരൻ എം.എൽ.എ അമ്പലപ്പുഴ ഡിവൈഎസ്പി ഉൾപ്പെടെയുള്ളവരെ സ്ഥലത്ത് വിളിച്ചുവരുത്തിയിരുന്നു.ഇതോടൊപ്പം അടിയന്തരമായി ജംഗ്ഷനിൽ അറ്റകുറ്റപ്പണി നടത്താൻ തുടങ്ങി.