തിരുവനന്തപുരം: കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിലെ തീരുമാനം വൈകും. മുഖ്യമന്ത്രിയും ഘടകകക്ഷി മന്ത്രിമാരും ആയിരിക്കും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. ഹൈക്കമാൻഡിന്‍റെ കർശന മേൽനോട്ടത്തിൽ ആയിരിക്കും മന്ത്രിമാരെ തീരുമാനിക്കുക. മെറിറ്റ് മാത്രമാകണം മാനദണ്ഡമെന്നും ഗ്രൂപ്പ് താല്പര്യങ്ങൾ നോക്കരുത് എന്നും രാഹുൽ ഗാന്ധി നിർദേശം നൽകി. മുഖ്യമന്ത്രിയെ തിരഞ്ഞെടുത്ത ശേഷം മന്ത്രിമാരുടെ കാര്യത്തിൽ വിശദമായ ചർച്ചകൾ നടത്തും. അതിനുശേഷം മാത്രമായിരിക്കും തീരുമാനം ഉണ്ടാകുക.
അതേസമയം, 47 എംഎൽഎമാരുടെ പിന്തുണ ഉറപ്പായതായി കെസി വേണുഗോപാൽ വിഭാഗം പറയുന്നു. 16 എംഎൽഎമാർ എങ്കിലും തന്റെ പേര് പറയുമെന്ന് രമേശ് ചെന്നിത്തല കരുതുന്നു. 9 എംഎൽഎമാർ ഒപ്പമെന്നാണ് വി ഡി സതീശൻ ക്യാമ്പ് പറയുന്നു. എന്നാൽ, നിരീക്ഷകരുമായുള്ള കൂടിക്കാഴ്ചയിൽ എംഎൽഎമാർ അഭിപ്രായം മാറ്റുമോ എന്ന ആശങ്ക ഗ്രൂപ്പ് മാനേജർമാർക്ക് ഉണ്ട്. എംഎൽഎമാരെ ഒപ്പം നിർത്താൻ മന്ത്രിസ്ഥാനം ഉൾപ്പെടെ പലർക്കും വാഗ്ദാനം ചെയ്തതായും സൂചനയുണ്ട്. എംഎൽഎമാരുമായി തുടർച്ചയായി ആശയവിനിമയം ഗ്രൂപ്പ് നേതാക്കൾ നടത്തുന്നുണ്ട്.
മുഖ്യമന്ത്രിക്കായുള്ള ചരടുവലി കേരളത്തിൽ തെരുവിലേക്ക് എത്തുന്നതിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തി. ചേരി തിരിഞ്ഞുള്ള സ്വീകരണങ്ങളെക്കുറിച്ച് രാഹുൽ ഗാന്ധി വിവരം തേടിയിട്ടുണ്ട്. രാഹുലിന്റെ ഓഫീസിലേക്ക് ഇമെയിൽ അയക്കുന്നതിനുള്ള ആഹ്വാനവും ഗൗരവമായെടുക്കുമെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. മുഖ്യമന്ത്രിയാരെന്നതിൽ തന്റെ നിലപാട് ഖർഗെയോടും രാഹുൽ വ്യക്തമാക്കുന്നില്ല.