മുക്കം: നവീകരണ പ്രവൃത്തിക്കായി മൂന്ന് വർഷം മുമ്പ് അടച്ചുപൂട്ടിയ മുക്കം ബസ് സ്റ്റാൻഡിലെ ശൗചാലയം തുറന്ന് പ്രവർത്തിക്കാൻ ഇനിയും നടപടിയായില്ല. നഗരസഭാ ഓഫീസ് കെട്ടിടത്തിനോട് ചേർന്ന് മുക്കം ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ശൗചാലയമാണ് അടച്ചുപൂട്ടിയത്.
നിത്യേനെ ബസ് സ്റ്റാൻഡിലെത്തുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന നിരവധി യാത്രക്കാർ മൂന്ന് വർഷമായി ആശ്രയിക്കുന്നത് ബസ് സ്റ്റാൻഡിൽ താത്കാലികമായി മറച്ചുകെട്ടിയ ശൗചാലയത്തെയാണ്. ഇത് യാത്രക്കാർക്ക് ഏറെ പ്രയാസമാണ് ഉണ്ടാക്കുന്നത്.
ശൗചാലയമില്ലാതെ ജനങ്ങൾ പ്രയാസപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ മുക്കം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ നഗരസഭാ സെക്രട്ടറിയെ കണ്ട് നിവേദനം നൽകി. പ്രവൃത്തി വൈകുന്നത് പരിശോധിച്ച് ശൗചാലയം എത്രയും പെട്ടെന്ന് തുറന്ന് നൽകാനുള്ള നടപടി സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി കോൺഗ്രസ് പ്രവർത്തകർക്ക് ഉറപ്പ് നൽകി.
രണ്ടാഴ്ചക്കുള്ളിൽ ശൗചാലയത്തിന്റെ പ്രവൃത്തി പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് തുറന്ന് നൽകിയില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഷാബ് മുല്ലോളി, ബൈജു കച്ചേരി, പ്രഭാകരൻ മുക്കം, ബഷീർ തെച്യാട്, ദാമോദരൻ കോഴഞ്ചേരി, ലെറിൻ റാഹത്ത് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.