ബാലറ്റിൽ പേര് മാറ്റി നൽകാത്തതിൽ തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥി അഞ്ജലി നായർ ഹൈക്കോടതിയെ സമീപിക്കും


ബാലറ്റിൽ പേര് മാറ്റി നൽകാത്തതിൽ തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥി അഞ്ജലി നായർ ഹൈക്കോടതിയെ സമീപിക്കും. റിട്ടേണിങ് ഓഫീസർ സ്വീകരിച്ചത് ഏകപക്ഷീയ നിലപാടാണെന്നും രാഷ്ട്രീയ പ്രേരിതമെന്നും ചൂണ്ടിക്കാട്ടി ഹർജി സമർപ്പിക്കും. ജനങ്ങൾക്ക് പരിചിതമായ പേര് ബാലറ്റിൽ വേണമെന്ന ഹൈക്കോടതി നിർദേശം പാലിച്ചില്ല എന്നും ആക്ഷേപം. ട്വൻ്റി 20 പ്രസിഡൻ്റ് സാബു എം. ജേക്കബുമായി സംസാരിച്ചതിന് ശേഷമാണ് ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലെത്തിയത്.

അഞ്ജലി പി.വി. എന്നാണ് അഞ്ജലി നായരുടെ യഥാർഥ പേര്. പക്ഷേ പോസ്റ്ററുകളിലും പ്രചാരണ ബോർഡുകളിലും എല്ലാം അഞ്ജലി നായർ എന്ന പേരാണ് ഉപയോഗിച്ചിരിക്കുന്നത്. സിനിമയിലും അഞ്ജലി നായർ എന്ന പേരിലാണ് അറിയപ്പെടുന്നത്.

ആളുകൾക്ക് ഈ പേരിലാണ് തന്നെ പരിചയമുള്ളത്. അതുകൊണ്ട് ആ പേര് ബാലറ്റിൽ വേണം എന്നതായിരുന്നു അവരുടെ ആവശ്യം. നേരത്തെ ഹൈക്കോടതിയെ സമീപിച്ചപ്പോൾ വരണാധികാരിക്ക് തീരുമാനമെടുക്കാം എന്ന് അറിയിച്ചിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഹിയറിംഗ് നടത്തുകയും വൈകീട്ടോടെ റിട്ടേണിംഗ് ഓഫീസർ തീരുമാനമറിയിക്കുകയും ആയിരുന്നു.

പേര് മാറ്റി നൽകാനാകില്ല എന്ന തീരുമാനമാണ് വരണാധികാരി അറിയിച്ചത്. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചു, പോസ്റ്റൽ ബാലറ്റ് അടക്കം പോളിംഗെല്ലാം തുടങ്ങുന്ന ഘട്ടത്തിലേക്ക് എത്തിയിട്ടുണ്ട്. പോസ്റ്റൽ ബാലറ്റിൽ ഒരു പേരും വോട്ടിംഗ് മെഷീനിൽ മറ്റൊന്നും എന്ന രീതിയിൽ നൽകാനാവില്ല. അതിനാൽ, അഞ്ജലി പി.വി. എന്ന പേര് മാത്രമേ ഉപയോഗിക്കാനാകൂ എന്ന് വരണാധികാരി അറിയിക്കുകയായിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال