തിരുവനന്തപുരം: ഉത്സവങ്ങളിലും ആഘോഷങ്ങളിലും പടക്കങ്ങൾ നിരോധിക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ സ്ഫോടനം നടന്ന് 14 പേർ മരിക്കാനിടയായ സാഹചര്യത്തിലാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യവുമായി ഉന്നയിച്ചിരിക്കുന്നത്. സുരക്ഷിത ആഘോഷങ്ങളിലേക്ക് മാറണമെന്നും പടക്ക നിർമാണ കേന്ദ്രങ്ങൾക്ക് ദേശീയ നിലവാരം ഉറപ്പാക്കണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു.
മുണ്ടത്തിക്കോട്ട് വെടിക്കെട്ട് പുരയിൽ ഇന്നലെ ഉണ്ടായ സ്ഫോടനത്തിൽ 14 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരം ആർഭാടങ്ങളില്ലാതെ നടത്താനാണ് ആലോചന. പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാനും ആലോചനയുണ്ട്. ഇക്കാര്യത്തിൽ തീരുമാനം നാളെ ഉണ്ടാകും. അതേസമയം ഇത്തവണ വെടിക്കെട്ടിനില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ നേരത്തെ പറഞ്ഞിരുന്നു. സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്നും ഗിരീഷ് കുമാർ പറഞ്ഞു. ആഘോഷപൂർവ്വം പൂരം നടത്താനുള്ള ഒരു സാഹചര്യം അല്ല. ഇപ്പോൾ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെ ചേർത്തുനിർത്താനുള്ള കാര്യങ്ങളിലാണ് ദേവസ്വത്തിന്റെ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവമ്പാടി ദേവസ്വത്തിലെ ആഘോഷ കമ്മിറ്റി ഭാരവാഹികളായ അഞ്ചുപേരും അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഏത് അന്വേഷണത്തെയും ദേവസ്വം സ്വാഗതം ചെയ്യുന്നു. അപകടത്തിൽ അട്ടിമറിയില്ലെന്നും ദേവസ്വം സെക്രട്ടറി കൂട്ടിച്ചേർത്തു