ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനെതിരെ നടത്തുന്ന ആക്രണങ്ങളും ഇറാൻ്റെ പ്രത്യാക്രമണങ്ങളും ഇപ്പോഴും തുടരുകയാണ്. ഇതിൻ്റെ പ്രതിസന്ധികൾ ലോകത്താകെ പ്രതിഫലിക്കുകയും ചെയ്തു. ഇന്ത്യയിൽ ഇതിൻ്റെ ഭാഗമായി നാളുകളായി കടുത്ത പാചക വാതക പ്രതിസന്ധിയും അനുഭവിച്ചു വരികയാണ്.
എന്നാൽ ഇപ്പോൾ ഇന്ത്യയ്ക്ക് അൽപ്പമെങ്കിലും ആശ്വാസമേകുന്ന വാർത്തയാണ് കടൽ കടന്നെത്തുന്നത്. രാജ്യത്തെ ഇന്ധന പ്രതിസന്ധിക്കിടെ ഇന്ത്യൻ പതാകയേന്തിയ ഒരു കപ്പൽ കൂടെ ഹോർമുസ് കടലിടുക്ക് കടന്നു എന്നതാണ് വാർത്ത. 44000 മെട്രിക് ടൺ എൽ പി ജി വഹിച്ച ടാങ്കറായ ‘ഗ്രീൻ ആശ’യാണ് ഇന്ത്യൻ തീരത്തെത്തുക. കഴിഞ്ഞദിവസം ഏഴാമത്തെ കപ്പൽ ഗ്രീൻ സാൻവിയും ഹോർമുസ് കടന്നിരുന്നു.
ഇന്നോ നാളെയോ ആയി കപ്പൽ ഇന്ത്യൻ തീരത്ത് എത്തിയേക്കും. 16 കപ്പലുകൾ ഇപ്പോഴും ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുകയാണ്. നയതന്ത്ര ചർച്ചകൾ നടക്കുകയാണെന്നും ഉടൻ അനുമതി ലഭിക്കുമെന്നുമാണ് കേന്ദ്രസർക്കാരിൻ്റെ വാദം. അതേസമയം കരിഞ്ചന്തകളും പൂഴ്ത്തിവെയ്പ്പുകളും തടയാൻ വേണ്ടി സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.