കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിന്‍റെ ആത്മഹത്യയിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പൊലീസ്. വിദ്യാർഥികളുടെയും അധ്യാപകരുടെയും കോളേജ് അധികൃതരുടെയും മൊഴി രേഖപ്പെടുത്തും. കേസിൽ പ്രതികളായ അധ്യാപകർ ഇപ്പോഴും ഒളിവിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
നിതിൻ രാജ് ആത്മഹത്യ ചെയ്ത കേസിൽ പ്രേരണ കുറ്റത്തിൽ പ്രതികളായ അധ്യാപകർ ഒളിവിൽ തുടരുകയാണ്. വകുപ്പ് മേധാവി ഉൾപ്പെടെയുള്ള രണ്ട് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. നിതിൻ രാജിന്റെ സഹപാഠികളുടെയും അധ്യാപകരുടെയും മാനേജ്മെന്റ് ഭാരവാഹികളുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തും. അതേസമയം, ലോൺ ആപ്പ് വഴിയുള്ള സാമ്പത്തിക പ്രയാസമാണ് ആത്മഹത്യക്ക് കാരണമെന്ന് വരുത്തി തീർക്കാൻ കോളേജ് മാനേജ്മെന്റ് ശ്രമിക്കുന്നു എന്ന ആരോപണം ശക്തമായി.
നിതിൻ രാജിന്റെ മരണത്തിൽ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. ഡെന്റൽ അനാട്ടമി വിഭാഗം മേധാവി എം കെ റാം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നതായി വിദ്യാർഥികൾ പറഞ്ഞു. ജാതി അധിക്ഷേപത്തിനും റാഗിംഗിനും ഒപ്പം നിതിൻ രാജിൻ്റെ മരണത്തിന് പിന്നിൽ ലോൺ ആപ് മാഫിയയുടെ ഭീഷണിയും കാരണമായോ എന്ന് പരിശോധിക്കുകയാണ് പൊലീസ്. ലോൺ ആപ് സംഘം നിധിന് അയച്ച ഭീഷണി സന്ദേശം പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ, വായ്പ കൃത്യമായി അടച്ചിരുന്നുവെന്നും അതല്ല ആത്മഹത്യക്ക് കാരണമെന്നും നിതിൻ്റെ കുടുംബം വിശദീകരിച്ചു. മരണം അന്വേഷിക്കുന്ന പ്രത്യേക സംഘം നിതിൻ്റെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി.