തൃശൂർ: നാട്ടിക എംഎൽഎ സി.സി. മുകുന്ദനെ സിപിഐ പുറത്താക്കി. നിരന്തരമായ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ മുകുന്ദനുമായി ബന്ധപ്പെട്ട വിഷയം ചർച്ചയായതിനെ തുടർന്ന് മണ്ഡലം കമ്മിറ്റിയോട് വിഷയത്തിൽ തീരുമാനം എടുക്കാൻ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കൽ നടപടി.
നാട്ടിക നിയമസഭാ മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയായ മുകുന്ദന് ഇത്തവണ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് അദ്ദേഹം പാർട്ടി നേതൃത്വവുമായി അകന്നിരുന്നു. വീണ്ടും അവസരം നൽകാത്തതിൽ പ്രതിഷേധിച്ച് പാർട്ടി നേതൃത്വത്തിനെതിരെ അദ്ദേഹം രൂക്ഷമായ ആരോപണങ്ങളും ഉന്നയിച്ചിരുന്നു. ഇതിനിടെ അദ്ദേഹം പാർട്ടി പദവിയിൽ നിന്ന് രാജിവെച്ചതും ശ്രദ്ധേയമാണ്.
മുൻ എംഎൽഎ ഗീതാ ഗോപിക്ക് സീറ്റ് നൽകിയത് ‘പെയ്‌മെന്റ് സീറ്റ്’ ആണെന്ന സംശയം തനിക്കുണ്ടെന്നും പാർട്ടിയിൽ ഇപ്പോൾ പണത്തിനാണ് സ്വാധീനമെന്നും മുകുന്ദൻ ആരോപിച്ചിരുന്നു. പാർട്ടി സീറ്റ് നൽകിയില്ലെങ്കിലും താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഗീതാ ഗോപിയെ വീണ്ടും സ്ഥാനാർത്ഥിയാക്കുന്നത് ശരിയല്ലെന്നും, പണം സമാഹരിക്കാൻ കഴിവുള്ളതുകൊണ്ടാണ് അവർക്കു സീറ്റ് നൽകിയതെന്നുമായിരുന്നു മുകുന്ദന്റെ ആരോപണം. സിപിഐയിലെ വിഭാഗീയതയാണ് തന്നെ ഒഴിവാക്കാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഗീതാ ഗോപിയെ മാറ്റിയാണ് തന്നെ സ്ഥാനാർത്ഥിയാക്കിയതെന്നും മുകുന്ദൻ ആരോപിച്ചു.
