സാധാരണക്കാരന്റെ സങ്കടങ്ങൾക്ക് പരിഹാരമുണ്ടാകുന്നതാണ് യഥാർത്ഥ വികസനമെന്ന് മമ്മൂട്ടി


പെരുമ്പളം ദ്വീപ് നിവാസികളുടെ ദശാബ്ദങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പെരുമ്പളം പാലം ഇന്ന് നാടിന് സമർപ്പിക്കുകയാണ്. ഏറെക്കാലമായി ഈ ദ്വീപുസമൂഹം അനുഭവിച്ചുപോന്ന യാത്രാദുരിതങ്ങൾക്കും അവഗണനകൾക്കും ഇതോടെ ശാശ്വത പരിഹാരമാകും. ഈ ചരിത്രനിമിഷത്തിന് ആശംസകളുമായി മെഗാസ്റ്റാർ മമ്മൂട്ടിയും രംഗത്തെത്തി. രണ്ട് കരകൾ കൈകോർക്കുമ്പോൾ മാറുന്നത് വെറും ദൂരമല്ലെന്നും മറിച്ച് ഒരു ജനതയുടെ ജീവിതമാണെന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

തന്റെ നാടായ ചെമ്പിന്റെ അക്കരെയുള്ള പെരുമ്പളവും അരൂക്കുറ്റിയും വടുതലയുമൊക്കെ ഇപ്പോൾ ഒരൊറ്റ നാടായി മാറിയിരിക്കുകയാണെന്ന് മമ്മൂട്ടി പറഞ്ഞു. രോഗം വന്നാൽ കൃത്യസമയത്ത് ആശുപത്രിയിലെത്താൻ കഴിയാത്ത ആകുലതകളും, ജോലിക്കു പോകാനുള്ള വേവലാതികളും, വിവാഹാലോചനകളിൽ പോലും വില്ലനായിരുന്ന ‘അക്കരെ’ എന്ന ദൂരവുമെല്ലാം ഇനി അവസാനിക്കുകയാണ്.

സാധാരണക്കാരന്റെ സങ്കടങ്ങൾക്ക് പരിഹാരമുണ്ടാകുന്നതാണ് യഥാർത്ഥ വികസനമെന്ന് വിശ്വസിക്കുന്നതായും, കെട്ടിനിന്ന ജീവിതം ഇനി പുതിയ വേഗത്തിൽ ഒഴുകിത്തുടങ്ങട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

നിർമ്മാണ വൈദഗ്ധ്യത്തിൽ ഏറെ പ്രത്യേകതകളുള്ള ഈ പാലം കായലിന് കുറുകെ നിർമ്മിക്കുന്ന കേരളത്തിലെ ഏറ്റവും നീളമേറിയ പാലങ്ങളിൽ ഒന്നാണ്. 1157 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലം 34 തൂണുകളിലായാണ് നിർമ്മിച്ചിരിക്കുന്നത്. ദേശീയ ജലപാത കടന്നുപോകുന്നതിനാൽ വലിയ യാനങ്ങൾക്ക് തടസമില്ലാതെ സഞ്ചരിക്കാൻ പാലത്തിന് നടുവിൽ ബോസ്ട്രിങ് ആർച്ച് മാതൃകയാണ് നൽകിയിരിക്കുന്നത്. ഇരുവശങ്ങളിലും നടപ്പാതകളും വടുതല, പെരുമ്പളം ഭാഗങ്ങളിൽ 300 മീറ്റർ വീതം സമീപന റോഡുകളും നിർമ്മിച്ചതോടെ പെരുമ്പളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് പുതിയ ചിറകുകൾ ലഭിച്ചിരിക്കുകയാണ്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال