പാചകവാതക ക്ഷാമം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മന്ത്രി ജി.ആർ. അനിൽ.

സംസ്ഥാനത്ത് നിലനിൽക്കുന്ന രൂക്ഷമായ പാചകവാതക പ്രതിസന്ധിയിൽ കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി പുലർത്തുന്ന മൗനത്തെ രൂക്ഷമായി വിമർശിച്ച് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ രംഗത്തെത്തി. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി എന്ന നിലയിൽ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ അദ്ദേഹത്തിന് ഉത്തരവാദിത്തമുണ്ടെന്നും, എന്നാൽ പലതവണ ബന്ധപ്പെട്ടിട്ടും അനുകൂലമായ പ്രതികരണം ഉണ്ടാകുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. വാണിജ്യ സിലിണ്ടറുകൾക്ക് കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക അലോട്ട്‌മെന്റ് 20 ശതമാനമെങ്കിലും വർദ്ധിപ്പിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗാർഹിക സിലിണ്ടറുകൾക്ക് ക്ഷാമമില്ലെന്ന് എണ്ണക്കമ്പനികൾ അവകാശപ്പെടുന്നുണ്ടെങ്കിലും ബുക്കിംഗിലെ സാങ്കേതിക തടസ്സങ്ങളും സെർവർ തകരാറുകളും സാധാരണക്കാരെ വലിയ രീതിയിൽ ബുദ്ധിമുട്ടിക്കുന്നുണ്ട്. പ്രശ്നപരിഹാരത്തിനായി എല്ലാ കളക്ടറേറ്റുകളിലും മോണിറ്ററിങ് സെല്ലുകൾ രൂപീകരിച്ചിട്ടുണ്ടെന്നും റംസാൻ മാസമായതിനാൽ ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഗ്യാസ് ലഭ്യത ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.


കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ സംസ്ഥാനത്തെ ഹോട്ടലുകളുടെയും ആശുപത്രി അനുബന്ധ സ്ഥാപനങ്ങളുടെയും പ്രവർത്തനം സ്തംഭിക്കുന്ന അവസ്ഥയുണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ പ്രത്യേക സാഹചര്യം കേന്ദ്രത്തെ ബോധ്യപ്പെടുത്തുന്നതിൽ കേന്ദ്രമന്ത്രി പരാജയപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രതിസന്ധി മറികടക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് ഉടനടി നടപടികൾ ഉണ്ടാകണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال