ആലപ്പുഴ പള്ളാത്തുരുത്തിയിൽ ഹൗസ്ബോട്ടുകൾക്ക് തീപിടിച്ച് വൻ നാശനഷ്ടം. ഇന്ന് രാവിലെയാണ് ‘അനാഹിത’, ‘കാതറിൻ’ എന്നീ രണ്ട് വിനോദസഞ്ചാര ബോട്ടുകൾക്ക് തീപിടിച്ചത്. ആറ് ബെഡ്റൂമുകളുള്ള കൂറ്റൻ ഹൗസ് ബോട്ടുകൾ പൂർണ്ണമായും കത്തിനശിച്ചു. ബോട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ തീപിടിത്തത്തിനിടെ പൊട്ടിത്തെറിച്ചത് വലിയ പരിഭ്രാന്തി പരത്തി. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി ദീർഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ ബോട്ടിലുണ്ടായിരുന്ന വിനോദസഞ്ചാരികൾ കായലിലേക്ക് ചാടിയതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെടാൻ സാധിച്ചുവെന്നത് ആശ്വാസമായി. നിലവിൽ തീ പൂർണ്ണമായും അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടകാരണം വ്യക്തമായിട്ടില്ല.