സംസ്ഥാന സര്‍ക്കാരിന്റെ വയനാട് ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി


മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായുള്ള സംസ്ഥാന സർക്കാരിന്റെ വയനാട് ടൗൺഷിപ്പിന്റെ ഒന്നാംഘട്ടം യാഥാർഥ്യമായി. ടൗൺഷിപ്പിലെ 178 വീടുകളുടെ താക്കോൽ കൈമാറ്റവും ഗുണഭോക്താക്കൾക്കുള്ള പട്ടയ വിതരണവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കൽപ്പറ്റ ബൈപ്പാസ് റോഡിനരികിലെ ടൗൺഷിപ്പ് വികാരഭരിതമായ നിമിഷങ്ങൾക്ക് സാക്ഷിയായി.

ചടങ്ങിന് അധ്യക്ഷത വഹിച്ച റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, സർക്കാർ വെറും കല്ലിടുന്നവരല്ലെന്നും, അർഹതപ്പെട്ടവരുടെ കയ്യിലെത്തുന്ന വീടുകളാണ് നിർമ്മിക്കുന്നതെന്നും വ്യക്തമാക്കി.

“വീട് ഏറ്റുവാങ്ങുന്നവരെ കാണാനായി പോയപ്പോൾ കൈവിട്ടുപോയ അവസ്ഥയായിരുന്നു. ആ വലിയ ദുരന്തത്തിന്റെ ഓർമ്മകളിലേക്ക് ഞാൻ തിരികെ പോയി. ഒരു കാര്യം ഉറപ്പായി പറയാം — ഞങ്ങൾ കല്ല് മാത്രം ഇട്ടുപോകുന്നവരല്ല. കല്ലിട്ടാൽ അതിന് മീതെ വീടുവെക്കും. കൊടുക്കാൻ തീരുമാനിച്ച മനുഷ്യന്റെ കയ്യിൽ ആ വീടെത്തും,” എന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ദുരന്തത്തിൽ വീട് പൂർണമായും നഷ്ടപ്പെട്ട 178 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ വീടുകൾ കൈമാറിയത്. 2025 ഏപ്രിൽ 11ന് 44.33 കോടി രൂപ കോടതിയിൽ കെട്ടിവച്ച് സർക്കാർ ഏറ്റെടുത്ത കൽപ്പറ്റ ഏൽസ്റ്റൺ എസ്റ്റേറ്റിലെ 64.4075 ഹെക്ടർ ഭൂമിയിലാണ് പദ്ധതി നടപ്പാക്കുന്നത്.

പ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിൽ ആകെ 410 വീടുകളാണ് നിർമിക്കുന്നത്. 402 കുടുംബങ്ങളിലെ 1662 പേരാണ് ഇവിടെ താമസിക്കുക. ദുരന്താനന്തര പുനരധിവാസത്തിന്റെ ഭാഗമായി സുരക്ഷിതവും ദീർഘകാലത്തേക്ക് സ്ഥിരതയുള്ളതുമായ താമസ സൗകര്യം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال