ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പാചകവാതക പ്രതിസന്ധി അതീവ ഗുരുതരമാകുന്നു. തമിഴ്‌നാട്ടിലും കേരളത്തിലും ഹോട്ടലുകൾ മുതൽ ജയിലുകൾ വരെ പൂട്ടലിന്റെ വക്കിലെത്തിയിരിക്കുകയാണ്. തമിഴ്‌നാട്ടിലെ ഹോസ്റ്റലുകളിൽ ചായയും ദോശയും പോലും പാചകം ചെയ്യുന്നത് നിർത്തിവെച്ചപ്പോൾ, കേരളത്തിൽ ജയിലുകൾ വഴി നൽകുന്ന ഭക്ഷണ വിതരണത്തെയും ക്ഷാമം സാരമായി ബാധിച്ചു.
തമിഴ്‌നാട്ടിൽ ഐടി ഹോസ്റ്റലുകളും പിജികളും പാചകം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചു. ഗ്യാസ് ലാഭിക്കുന്നതിനായി ചായ, കാപ്പി, ദോശ, ചപ്പാത്തി എന്നിവ ഒഴിവാക്കി. സാമ്പാർ, കുറുമ തുടങ്ങിയ വിഭവങ്ങൾക്ക് പകരം ചട്ണി മാത്രം നൽകാനാണ് ഹോസ്റ്റൽ ഉടമകളുടെ തീരുമാനം.
കേരളത്തിൽ ജയിൽ വകുപ്പിന്റെ ‘ഫുഡ് ഫോർ ഫ്രീഡം’ പദ്ധതിക്കും പ്രതിസന്ധി തിരിച്ചടിയായി. പൂജപ്പുര സെൻട്രൽ ജയിലിലടക്കം സിലിണ്ടറുകൾ ലഭിക്കാത്തതിനെ തുടർന്ന് പുറത്തുവിൽപ്പന നടത്തുന്ന വിഭവങ്ങളുടെ എണ്ണം കുറച്ചു. നിലവിൽ ചപ്പാത്തിയും കറികളും മാത്രമായാണ് വിതരണം പരിമിതപ്പെടുത്തിയിരിക്കുന്നത്. പ്രതിസന്ധി തുടർന്നാൽ പൊതുജനങ്ങൾക്ക് നൽകുന്ന ഭക്ഷണ വിതരണം പൂർണ്ണമായും നിർത്തേണ്ടി വരുമെന്ന് ജയിൽ അധികൃതർ അറിയിച്ചു. എന്നാൽ തടവുകാർക്ക് നൽകുന്ന ഭക്ഷണത്തെ ഇത് ബാധിക്കില്ല.
സംസ്ഥാനത്തെ ഹോട്ടൽ, കാറ്ററിംഗ് മേഖലയും വലിയ ആശങ്കയിലാണ്. തലസ്ഥാന നഗരിയിൽ ഉൾപ്പെടെ സിലിണ്ടറുകൾ ലഭിക്കാത്തതിനാൽ പല പ്രമുഖ റസ്റ്റോറന്റുകളും അടച്ചുപൂട്ടി. വിറകടുപ്പിലേക്ക് മാറുന്നത് പ്രായോഗികമല്ലാത്തതിനാൽ കാറ്ററിംഗ് സ്ഥാപനങ്ങളും ഓർഡറുകൾ ഏറ്റെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ്.