കുന്നംകുളം സബ് ട്രഷറി കെട്ടിടം നാടിന് സമർപ്പിച്ചു

 


കുന്നംകുളം സബ് ട്രഷറി കെട്ടിടത്തിൻ്റെ ഉദ്ഘാടനം ധനകാര്യവകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ ഓൺലൈനായി നിർവഹിച്ചു. കുന്നംകുളം സി. വി സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ എ.സി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ മുഖ്യാതിഥിയായി.


കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്തെ  ട്രഷറികൾ വളരേ മികച്ച രീതിലാണ് പ്രവർത്തിച്ചു വരുന്നതെന്ന് മന്ത്രി  ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ട്രഷറി സംവിധാനത്തെ കൂടുതൽ ചിട്ടപ്പെടുത്തി സൗകര്യപ്രദമാക്കുക എന്നതാണ് സർക്കാരിൻ്റെ നയം. പുതുതായി നിർമിച്ച ട്രഷറികളുടെ അടിസ്ഥാന സൗകര്യവികസനത്തിന് സർക്കാർ പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ അഞ്ചരലക്ഷത്തോളം ജീവനക്കാരുടെയും, ആറ് ലക്ഷത്തോളം വരുന്ന പെൻഷൻകാരുടയും ജീവവായുവാണ് ട്രഷറികൾ. ജനങ്ങളുടെ പിന്തുണയും സഹകരണവും കൊണ്ടാണ് ട്രഷറികളെ വളരെ സജീവമായി മുന്നോട്ടു കൊണ്ടുപോകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 


സംസ്ഥാന ധനകാര്യ വകുപ്പിന്റെ ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍  ഉള്‍പ്പെടുത്തി 1.65 കോടി രൂപ ചിലവഴിച്ച്  ഒറ്റ നിലയിലായാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. 2200 ച.അടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ വെയ്റ്റിംഗ് ഏരിയ, കാഷ് കൗണ്ടര്‍, ജെ.എസ്, എസ്.ടി.ഒ കാബിനുകള്‍, പത്ത് കൗണ്ടറുകള്‍, സ്റ്റ്രോംഗ് റൂം, ഗാര്‍ഡ് റൂം, റെക്കോര്‍ഡ് റൂം, പൊതുജനങ്ങള്‍ക്കുള്ള ടോയ്ലെറ്റ്, റാംപ്, സ്റ്റെയര്‍റൂം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സബ്ട്രഷറി ഓഫീസ് നിലനിന്നിരുന്ന സ്ഥലത്തെ പഴയ കെട്ടിടം പൊളിച്ചു മാറ്റിയാണ് ആധുനിക സൗകര്യങ്ങളോടുകൂടി പുതിയ കെട്ടിടം നിർമിച്ചത്. 


ജില്ലാ ട്രഷറി ഓഫീസർ കെ.എ ആശ അരവിന്ദ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ പി ജി ജയപ്രകാശ് സ്വാഗതവും, കുന്നംകുളം സബ് ട്രഷറി ഓഫീസർ റ്റി വി ധനേഷ് കുമാർ നന്ദിയും പറഞ്ഞു.


ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.ജി രഘുനാഥൻ, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.പി സജീപ്, കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എം നൗഷാദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. കൊച്ചനിയൻ, പ്രേംരാജ് ചൂണ്ടലാത്ത്,   സെബാസ്റ്റ്യൻ ചൂണ്ടൽ,  ഇ.എ ദിനമണി,  എൻ.ജി.ഒ യൂണിയൻ ഏരിയ സെക്രട്ടറി കെ.ആർ പ്രേംരാജ്, കെജിഒഎ വി.സി ജ്യോതിരാജ്, കേരള സ്റ്റാമ്പ് വെണ്ടേഴ്സ് അസോസിയേഷൻ അംഗം പി.എം പ്രദീപ്, കുന്നംകുളം ബ്ലോക്ക് കെ.എസ്.എസ്.പി.യു പ്രസിഡൻ്റ് എം.കെ സുകുമാരൻ, സെക്രട്ടറി സി.ജി ജോബ് രാജ്, കെഎസ്എസ്പിഎ പ്രസിഡൻ്റ് എം ഹരിദാസ്, ചേംബർ ഓഫ് കോമേഴ്സ് പ്രസിഡൻ്റ് കെ.പി സാക്സൺ തുടങ്ങിയവർ പങ്കെടുത്തു

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال