തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) സംഘടിപ്പിച്ച ഇന്നൊവേഷന്‍ ഡേ-2026. തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിനൊപ്പം സമയം ചെലവഴിക്കാന്‍ സാധിച്ചത് കുട്ടികള്‍ക്ക് വലിയ ആവേശമായി. കുട്ടികള്‍ക്കുള്ള സാങ്കേതിക സഹായ ഉപകരണങ്ങളും പരിപാടിയില്‍ വിതരണം ചെയ്തു.
ഇന്നൊവേഷന്‍ ഡേയുടെ ഭാഗമായി കെ-ഡിസ്‌കിന്റെ സോഷ്യല്‍ എന്റര്‍പ്രൈസ് ആന്‍ഡ് ഇന്‍ക്ലൂഷന്‍ വിഭാഗത്തിന്റെ അസിസ്റ്റീവ്/അഡാപ്റ്റീവ്/കോഗ്‌നിറ്റീവ് ഉപകരണങ്ങളുടെ സംസ്ഥാനതല വിതരണ ചടങ്ങിലാണ് മന്ത്രിയുമായി കുട്ടികള്‍ വിശേഷങ്ങള്‍ പങ്കിട്ടത്. മന്ത്രിക്കൊപ്പം ഫോട്ടോയെടുക്കാനായതും കുട്ടികളില്‍ ആവേശമുണ്ടാക്കി. ഇന്നൊവേഷന്‍ ഡേയുടെ പ്രധാന ആകര്‍ഷണമായി ഇത് മാറി.
കുട്ടികളോട് ആശയവിനിമയം നടത്തുകയും കുശലാന്വേഷണങ്ങള്‍ നടത്തുകയും ചെയ്ത മന്ത്രി അവരുടെ ആശയങ്ങളും കഴിവുകളും പൂര്‍ണമായും പുറത്തെടുക്കണമെന്ന് പറഞ്ഞു. ഇത്തരം ആശയങ്ങളെ വളര്‍ത്താനുള്ള കെ-ഡിസ്‌കിന്റ ശ്രമങ്ങളെ അഭിനന്ദിച്ച മന്ത്രി സ്‌ട്രൈഡ് പോലുള്ള പദ്ധതികള്‍ ആധുനിക സമൂഹത്തിന് വഴികാട്ടിയാണെന്നും ചൂണ്ടിക്കാട്ടി.
ഭിന്നശേഷി കുട്ടികളുടെ വളര്‍ച്ചയിലും പഠനത്തിലും നിര്‍ണായകമാകുന്ന സാങ്കേതിക സഹായ ഉപകരണങ്ങള്‍ വിജ്ഞാനകേരളം മുഖ്യ ഉപദേഷ്ടാവ് ഡോ. തോമസ് ഐസക് കുട്ടികള്‍ക്ക് കൈമാറി. കെ-ഡിസ്‌കിന്റെ സ്‌ട്രൈഡ് (സോഷ്യല്‍ ടെക്‌നോളജി ആന്‍ഡ് റിസര്‍ച്ച് ഫോര്‍ ഇന്‍ക്ലുസിവ് ഡിസൈന്‍ എക്‌സലന്‍സ്) പദ്ധതിയിലൂടെയാണ് ഉപകരണങ്ങള്‍ നിര്‍മ്മിച്ചത്.
ഓരോ പൗരനും സമൂഹത്തില്‍ ഒരുപോലെയും സ്വതന്ത്രമായും ഇടപെടാന്‍ കഴിയുന്ന പുതിയ കേരളം കെട്ടിപ്പടുക്കാനുള്ള സര്‍ക്കാരിന്റെ ദൃഢനിശ്ചയമാണ് ഈ പരിപാടിയിലൂടെ ഒരിക്കല്‍കൂടി വ്യക്തമായെതന്ന് കെ-ഡിസ്‌ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റോബിന്‍ ടോമി പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍, ബഡ്‌സ് സ്‌കൂള്‍ അധ്യാപകര്‍, സോഷ്യല്‍ ടെക്‌നോളജി വിദഗ്ധര്‍, അക്കാദമിക് വിദഗ്ധര്‍, നയരൂപകര്‍ത്താക്കള്‍, കമ്മ്യൂണിറ്റി നേതാക്കള്‍ എന്നിവരും പരിപാടിയുടെ ഭാഗമായി.
ഇന്നൊവേഷന്‍ ഡേയുടെ ഭാഗമായി പങ്കാളിത്ത രൂപകല്‍പനയിലൂടെ വികസിപ്പിച്ചെടുത്ത ഉപകരണങ്ങള്‍ പരിചയപ്പെടുത്തുന്ന പ്രദര്‍ശനം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പുതിയ അറിവ് പകര്‍ന്നു. സാമൂഹിക നവീകരണ മേഖലയിലെ വിദഗ്ദ്ധര്‍ പങ്കെടുത്ത പാനല്‍ സെഷനില്‍ ഭിന്നശേഷിക്കാര്‍ക്ക് നീതി ഉറപ്പാക്കുന്നതിനെയും സുസ്ഥിര ഉപജീവന മാര്‍ഗങ്ങളെയും ഇന്‍ക്ലൂസീവ് ഡിസൈനിനെയും കുറിച്ച് ചര്‍ച്ച നടന്നു.
ഭിന്നശേഷിക്കാര്‍ക്ക് മറ്റൊരാളുടെ സഹായമില്ലാതെ അന്തസ്സോടെയും സ്വയംപര്യാപ്തതയോടെയും ജീവിക്കാന്‍ ആവശ്യമായ സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌ട്രൈഡ് പദ്ധതി പ്രവര്‍ത്തിക്കുന്നത്. സ്‌ട്രൈഡിന്റെ ഭാഗമായി വിതരണം ചെയ്ത സ്വയം സഹായ ഉപകരണങ്ങള്‍ ഭിന്നശേഷിക്കാര്‍ തന്നെ നേരിട്ട് നിര്‍മ്മാണത്തില്‍ പങ്കാളികളായി തയ്യാറാക്കിയതാണ്. ടെക്‌നോളജി സ്‌കില്ലിങ്ങിന്റെയും ഗവേഷണത്തിലൂടെയും ഇന്‍ക്ലുസിവ് ഡിസൈനിലൂടെയുമാണ് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിഡിസി, ആശുപത്രികള്‍ എന്നിവരുമായി ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
ഇന്‍ക്ലുസിവ് ഡിസൈന്‍, സാമൂഹിക നവീകരണം, ഭിന്നശേഷി നീതി എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ഒത്തുചേരലുകളില്‍ ഒന്നാണ് ഇന്നൊവേഷന്‍ ഡേ 2026. ഭിന്നശേഷിക്കാര്‍ക്ക് നവീനമായ സാമൂഹിക സാഹചര്യം കെട്ടിപ്പടുക്കുന്നതിനായുള്ള കേരളത്തിന്റെ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് ഈ പരിപാടി. പിന്തുണാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും കേരളത്തിലുടനീളം ആധുനിക സഹായ സാങ്കേതിക വിദ്യകള്‍ ലഭ്യമാക്കുന്നതിനുമുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയെ ഇത് അടിവരയിടുന്നു.
സ്‌ട്രൈഡ് വെബ്‌സൈറ്റ് ലിങ്ക്: https://stride.kerala.gov.in/