തിരുവനന്തപുരം: പത്മശ്രീ മോഹൻലാൽ മുഖ്യമന്ത്രിയുമായി നടത്തിയ അഭിമുഖത്തിന്റെ ചെലവ് സംബന്ധിച്ച വിവരങ്ങൾ പുറത്ത്. 11,21,000 രൂപ അഭിമുഖത്തിന് ചെലവായെന്നും സർക്കാർ ഫണ്ടാണ് ഇതിനായി ഉപയോഗിച്ചതെന്നും വിവരാവകാശ രേഖയിൽ പറയുന്നു.
തിരുവല്ല സ്വദേശി റിജോ വള്ളംകുളമാണ് ഇതു സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത് വിട്ടത്. അതേസമയം അഭിമുഖത്തിനായി സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു. കണ്ടും മിണ്ടിയും ഇരുവരും എന്ന പേരിൽ നടത്തിയ അഭിമുഖത്തിന്റെ ചിത്രീകരണം രണ്ട് ദിവസങ്ങളിലായി ക്ലിഫ് ഹൗസിലാണ് നടത്തിയത്.
അഭിമുഖത്തിന്റെ ടീസറും ഏറെ ചർച്ചയായിരുന്നു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവുമായിരുന്നു ഉള്ളടക്കം. അതേസമയം അഭിമുഖം പിആർ വർക്കാണെന്ന് പ്രതിപക്ഷം പരിഹസിച്ചിരുന്നു. ലാലും പിണറായിയും തമ്മിലുള്ള വ്യക്തിബന്ധമാണ് അഭിമുഖത്തിന് പിന്നിലെന്നാണ് സിപിഎം പറഞ്ഞത്.