ചെങ്ങന്നൂർ: ചെറിയനാട് പഞ്ചായത്തിലെ പതിനാറാം വാർഡിൽ ഭിന്നശേഷിക്കാരനായ യുവാവിനെ തെരുവു നായ ക്രൂരമായി ആക്രമിച്ചു. ആലപ്പാട് ജംഗ്ഷനു കിഴക്ക് ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം. പൊൻമാലവേലിൽ വീട്ടിൽ ആനന്ദ് എന്ന യുവാവിനാണ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.
പിതൃസഹോദരന്റെ കടയിൽ ജോലി ചെയ്തുവരികയാണ് ആനന്ദ്. ഉച്ചയ്ക്ക് ഊണ് കഴിക്കാനായി പിതൃസഹോദരന്റെ വീട്ടിലെത്തിയപ്പോഴാണ് വീട്ടുപടിക്കൽ വെച്ച് തെരുവുനായ ചാടിവീണത്. കാലിന് സ്വാധീനക്കുറവുള്ളതിനാൽ നായയുടെ അപ്രതീക്ഷിത ആക്രമണത്തിൽനിന്ന് ഓടിമാറാൻ ആനന്ദിന് സാധിച്ചില്ല.
നായയുടെ ആക്രമണത്തിൽ നിലത്തുവീണ ആനന്ദിനെ നായ ദേഹമാസകലം കടിച്ചുകീറുകയായിരുന്നു. ആ സമയത്ത് വീട്ടിൽ 94 വയസുള്ള അമ്മമാത്രമേ ഉണ്ടായിരുന്നുള്ളു. ആനന്ദിന്റെ നിലവിളി കേട്ടെത്തിയ അയൽവാസികളാണ് നായയെ ഓടിച്ച് യുവാവിനെ രക്ഷപ്പെടുത്തിയത്.
ശരീരത്തിൽ 42 ഇടങ്ങളിൽ നായയുടെ കടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ആനന്ദിനെ ഉടൻ തന്നെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്ന് പ്രാഥമിക ചികിത്സ നൽകിയശേഷം കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളജിലേക്കു മാറ്റി.
ജനവാസമേഖലകളിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നത് പ്രദേശവാസികളിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാരനായ യുവാവിനുണ്ടായ ഈ ദുരവസ്ഥയിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.