മരണാനന്തര ബഹുമതിയായി വി എസ് അച്യുതാനന്ദന് ലഭിച്ച പത്മ പുരസ്കാരം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടിയുടെ തീരുമാനത്തിനായി കുടുംബം കാത്തിരിക്കുകയാണെന്ന് വി എ അരുൺ കുമാർ. പുരസ്കാരം ലഭിച്ചതിൽ കുടുംബത്തിന് സന്തോഷമുണ്ടെങ്കിലും, അന്തിമ തീരുമാനം പാർട്ടിയുടേതായിരിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇത്തരം പ്രധാനപ്പെട്ട കാര്യങ്ങളിൽ പാർട്ടിയുടെ ഒരു തീരുമാനം വേണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം. പാർട്ടിയുടെ തീരുമാനം പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും അതിനൊപ്പം നിൽക്കാനാണ് കുടുംബത്തിന്റെ തീരുമാനം. പുരസ്കാരം നൽകുന്ന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ, ഈ കാര്യത്തിൽ സാവധാനം തീരുമാനമെടുത്താൽ മതി എന്ന നിലപാടിലാണെന്ന് അദ്ദേഹം പറഞ്ഞു.
പാർട്ടിയുമായി ആലോചിച്ച് എടുക്കുന്ന തീരുമാനം പിന്നീട് എല്ലാവരെയും അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കുടുംബത്തിന് സന്തോഷം നൽകുന്ന കാര്യങ്ങളിൽ പാർട്ടി ഒപ്പം നിൽക്കുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റര്‍ നേരത്തെ പറഞ്ഞിരുന്നു.