തിരുവനന്തപുരം: നടന് മണിയന്‍പിള്ള രാജുവിന്റെ വാഹനമിടിച്ച് രണ്ടു പരിക്കേറ്റ സംഭവത്തില്‍ കേസെടുത്ത് മ്യൂസിയം പോലീസ്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചെന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
പരിക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ സഹായിച്ചില്ലെന്നും വാഹനം നിർത്താതെ ഓടിച്ചുപോയി എന്നും യഥാസമയം അപകട വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചില്ലെന്നും എഫ്ഐആറിൽ പറയുന്നു.
അതേസമയം, കേസിൽ മണിയന്‍പിള്ള രാജു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ഹാജരായി. നിലവിൽ അദ്ദേഹത്തിന്റെ മെഡിക്കൽ പരിശോധന ജനറൽ ആശുപത്രിയിൽ നടക്കുകയാണ്. വൈദ്യപരിശോധനക്ക് ശേഷമായിരിക്കും വകുപ്പുകളിൽ അന്തിമ തീരുമാനം.
വാഹനം ഓടിച്ചത് താൻ തന്നെയാണെന്നും ഭയം കൊണ്ടാണ് നിർത്താതെ പോയതെന്നും താരം നേരത്തെ മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു.
വ്യാഴാഴ്ച രാത്രി 10ഓടെ വഴുതക്കാട് ശ്രീമൂലം ക്ലബിന് മുൻപിലായിരുന്നു അപകടം. മണിയൻ പിള്ള രാജു ഓടിച്ച ആഢംബര കാറിടിച്ച് രണ്ട് ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റിരുന്നു. അപകടത്തിന് ശേഷം മണിയൻ പിള്ള രാജു വാഹനം നിർത്താതെ പോകുകയായിരുന്നു.
നിവേദിത് കൃഷ്ണ, സൂരജ് എന്നീ യുവാക്കൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. നിവേദിതിന് കാലുകൾക്കും സൂരജിന് നട്ടെല്ലിനും പൊട്ടലുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം. ഇരുവരും സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.