തൊടുപുഴ: വില കുതിച്ചുയര്‍ന്നതോടെ സ്വര്‍ണം കവര്‍ച്ചയ്ക്കായി ഇറങ്ങുന്ന മോഷണസംഘങ്ങള്‍ വ്യാപകമായതായി സൂചന.ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള സംഘങ്ങള്‍ ഉള്‍പ്പെടെ അതിര്‍ത്തി കടന്ന് ജില്ലയിലെത്തിയതായാണ് വിവരം. മോഹവിലയായതോടെയാണ് സ്വര്‍ണം മോഷ്ടിക്കുന്ന സംഘങ്ങള്‍ സജീവമായി രംഗത്തിറങ്ങിയത്. മോഷ്ടാക്കള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം പോലീസ് തുടര്‍ച്ചയായി നല്‍കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് പല സ്ഥലത്തും സ്വര്‍ണക്കവര്‍ച്ച തുടരുന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്.
ഇന്നലെ ശിവരാത്രിയോടനുബന്ധിച്ച് തൊടുപുഴ കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രത്തിലെത്തിയ വീട്ടമ്മയുടെ മൂന്നേമുക്കാല്‍ പവന്റെ സ്വര്‍ണമാല നഷ്ടപ്പെട്ടതായി പരാതിയുയര്‍ന്നു. ഇവരുടെ സമീപത്തുണ്ടായിരുന്ന ഇതര സംസ്ഥാനക്കാരിയായ സ്ത്രീയെ ക്ഷേത്രത്തിലെത്തിയ ഭക്തരും ഭാരവാഹികളും ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ആന്ധ്രാ സ്വദേശിനിയായ ഇവര്‍ മോഷണസംഘത്തില്പ്പെട്ടതാണെന്ന് പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്.
എന്നാല്‍ ദേഹപരിശോധന നടത്തിയെങ്കിലും നഷ്ടപ്പെട്ട സ്വര്‍ണമാല ഇവരില്‍നിന്നു കണ്ടെടുക്കാനായില്ല. തുടര്‍ന്ന് ഇവരെ വൈദ്യപരിശോധനയ്ക്കായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യാനായില്ലെന്നും പിന്നീട് വിശദമായി ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു. സ്വര്‍ണം കാണാതായതായി വീട്ടമ്മ തൊടുപുഴ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ മാസം വഴിത്തലയില്‍ വീട് കുത്തിത്തുറന്ന് നടത്തിയ വന്‍ സ്വര്‍ണക്കവര്‍ച്ചയില്‍ ഇതുവരെ പോലീസിനു തുമ്പൊന്നും ലഭിച്ചിട്ടില്ല. വഴിത്തല രോഹിണിയില്‍ രാമചന്ദ്രന് നായരുടെ വീട്ടില്‍ നിന്നും 27.5 പവന് സ്വര്‍ണവും 24,000 രൂപയുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. അവധി ദിനത്തില്‍ രാമചന്ദ്രന് നായരും കുടുംബവും കൊച്ചിയിലെ അമ്യൂസ്മെന്റ് പാര്‍ക്കില്‍ പോയ സമയത്താണ് മോഷണം നടന്നത്.
സിസിടിവി കേന്ദ്രീകരിച്ചും മറ്റും വ്യാപക അന്വേഷണം നടത്തിയിട്ടും ഇതുവരെ മോഷ്ടാക്കളെക്കുറിച്ച് ഒരു തെളിവും ലഭിച്ചിട്ടില്ല. അടുത്ത നാളില്‍ ജയിലില്‍ നിന്നിറങ്ങിയ കുപ്രസിദ്ധ മോഷ്ടാവ് കാമാക്ഷി ബിജുവിനെ ഉള്‍പ്പെടെ പിടികൂടി പോലീസ് ചോദ്യം ചെയ്തിരുന്നു. ഏതാനും ദിവസം മുമ്പ് കരിമണ്ണൂരില്‍ മുന്‍ പഞ്ചായത്തംഗത്തിന്റെ വീട്ടിലും മോഷണം നടന്നിരുന്നു.
സ്വര്‍ണവില പവന് ഒരു ലക്ഷത്തിനു മുകളിലായതോടെയണ് അന്യ സംസ്ഥാനങ്ങളില്‍നിന്നുള്ള മോഷണ സംഘങ്ങളും മറ്റും ജില്ലയിലെത്തിയത്. നാടോടികളുടെയും ആക്രി പെറുക്കുന്നവരുടെയും ചെറു കച്ചവടക്കാരുടെയും വേഷത്തില്‍ സ്ത്രീകളുടെ സംഘം തന്നെ ഇവിടെ തമ്പടിച്ചതായി പോലീസ് പറയുന്നു. ഉത്സവം, പെരുന്നാള്‍ ഉള്‍പ്പെടെ ആഘോഷങ്ങള്‍ നടക്കുന്നയിടങ്ങളിലും തിരക്കേറിയ ബസുകളിലും ബസ് സ്റ്റാന്‍ഡുകളിലും മറ്റുമാണ് ഇവര്‍ ചുറ്റിക്കറങ്ങുന്നത്. മോഷണം നടത്തിയാല്‍ ഉടന്‍ തന്നെ കടന്നുകളയുകയാണ് ഇവരുടെ രീതി. സിസിടിവിയില്‍ ചിത്രം പതിഞ്ഞാല്‍ പോലും കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്.