തിരുവല്ല: മഞ്ഞാടിയിലെ സ്പാ ബലാത്സംഗ കേസിൽ ഏഴാമനും അറസ്റ്റിൽ. തിരുവല്ല മീന്തലക്കര പാറയ്ക്കാമണ്ണിൽ പുത്തൻ വീട്ടിൽ സിന്റോ പി. സണ്ണി (22) ആണ് ചങ്ങനാശേരിയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
കേസിലെ ഒന്നാംപ്രതി മരണ സുബിനെ ചോദ്യം ചെയ്തതിൽ നിന്നുമാണ് സംഭവത്തിലെ സിന്റെയുടെ പങ്ക് വ്യക്തമായതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഒന്നിന് ഉച്ചകഴിഞ്ഞ് 3.30 ഓടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കാപ്പാ കേസ് പ്രതി കൂടിയായ മരണ കുറ്റപ്പുഴ പാപ്പനവേലില്‍ സുബിന് അലക്സാണ്ടര്‍ ചാക്കോ ( 29) യുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം സ്പായിലെത്തി അമ്പതിനായിരം രൂപ ആവശ്യപ്പെടുകയായിരുന്നു.
പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ജീവനക്കാരിയായ യുവതിയെ കഴുത്തിൽ കത്തി വച്ച് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഈ അറസ്റ്റോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായതായി ഡിവൈഎസ്പി പറഞ്ഞു. അന്വേഷണം വേഗത്തിൽ പൂർത്തീകരിച്ച് കുറ്റാരോപിതർക്കു നിയമപരമായ ശിക്ഷ ലഭിക്കുന്നതിനാവശ്യമായ നടപടികളുണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവിയും അറിയിച്ചു.