അതിവേഗ റെയിലുമായി മുന്നോട്ട് നിങ്ങാൻ തീരുമാനിച്ച് കേരള സർക്കാർ. ആർആർടിഎസിന് പിന്തുണയ്ക്കായി കേന്ദ്ര മന്ത്രിക്ക് കത്തയച്ചിരിക്കുയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റത്തിന് പിന്തുണ തേടി മുഖ്യമന്ത്രി. കേന്ദ്ര നഗര കാര്യമന്ത്രി മനോഹർ ലാലിനാണ് പദ്ധതിക്ക് ആവശ്യമായ പിന്തുണ നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തയച്ചത്.
വേണ്ട നിർദ്ദേശങ്ങൾ ഏജൻസിക്ക് നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
എങ്ങനെ കേരളത്തിന് ഗുണകരമാകുന്നു എന്നതും മുഖ്യമന്ത്രി കത്തിൽ വിശദീകരിക്കുന്നു. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിലുള്ളതും കാർബൺ ഉദ്‌വമനം കുറയ്ക്കുന്നതുമായ ഒരു പദ്ധതിയായാണ് ആർ.ആർ.ടി.എസ് വിഭാവനം ചെയ്തിരിക്കുന്നത്. ഡൽഹി-മീററ്റ് ആർ.ആർ.ടി.എസ് ഇടനാഴിയുടെ മാതൃകയും അതിന്‍റെ പ്രവർത്തനക്ഷമതയും പഠനവിധേയമാക്കിയ ശേഷമാണ് കേരളത്തിന് അനുയോജ്യമായ രീതിയിൽ ഇത് നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചത്.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള മേഖലകൾ അതിവേഗം നഗരവൽക്കരിക്കപ്പെടുന്ന സാഹചര്യത്തിൽ നിലവിലെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ വലിയ സമ്മർദ്ദത്തിലാണ്. വർധിച്ചുവരുന്ന വാഹന സാന്ദ്രതയും ഗതാഗതക്കുരുക്കും വാഹനാപകടങ്ങളും കുറയ്ക്കുന്നതിനായി അതിവേഗവും ഉയർന്ന ശേഷിയുള്ളതുമായ ഒരു പൊതുഗതാഗത സംവിധാനം അത്യാവശ്യമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.