മുണ്ടക്കയം: നാലുലക്ഷം രൂപ വില വരുന്ന മൂന്നേകാൽ പവന്റെ സ്വർണമാലയും താലിയും ഉടമയ്ക്ക് തിരികെനൽകി മാതൃകയായി മുണ്ടക്കയം റെജീന ഹൗസിൽ റോമിസൺ (47). ഇന്നലെ രാവിലെ മുണ്ടക്കയം ചെക്ക് ഡാമിന് സമീപമാണ് സംഭവം.
തുണി കഴുകുവാനായി റോമിസൺ ചെക്ക് ഡാമിൽ എത്തിയപ്പോൾ ഇതിന് സമീപത്തുനിന്ന് മാലയും താലിയുമടക്കം കളഞ്ഞുകിട്ടുകയായിരുന്നു. ഒട്ടും സമയം പാഴാക്കാതെ സുഹൃത്തിനെയും കൂട്ടി റോമിസൺ മുണ്ടക്കയം പോലീസ് സ്റ്റേഷനിലെത്തി മാല കൈമാറി. ഈ സമയം കളഞ്ഞുപോയ തങ്ങളുടെ മാല അന്വേഷിച്ച് നാടാകെ തെരയുകയായിരുന്നു പാലമൂട്ടിൽ ലത പുരുഷനും കുടുംബാംഗങ്ങളും.
ഒടുവിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകാനായി എത്തിയപ്പോഴാണ് മാല ലഭിച്ച വിവരം അറിയുന്നത്. മാലയുടെ മോഡലും തൂക്കവും പഴക്കവും ചോദിച്ചറിഞ്ഞ പോലീസ് സ്റ്റേഷനിൽ ലഭിച്ചിരിക്കുന്ന മാല ലതയുടേതാണെന്ന് ഉറപ്പുവരുത്തി.
ശേഷം റോമിസണെ വിളിച്ചുവരുത്തി മാല കൈമാറുകയായിരുന്നു. ഏറെനേരത്തെ തെരച്ചിലിനൊടുവിൽ തന്റെ മിന്നും മാലയും തിരികെ ലഭിച്ച സന്തോഷത്തിൽ ലതയും കുടുംബവും മടങ്ങിയപ്പോൾ തനിക്ക് ലഭിച്ച പൊന്ന് ഉടമസ്ഥനെ കണ്ടെത്തി നൽകിയതിന്റെ ആത്മനിർവൃതിയിലാണ് റോമിസൺ.