നെയ്യാർ ഡാമിന്റെ ജലസംഭരണിക്ക് നടുവിൽ ഒറ്റപ്പെട്ടുപോയ ഒരു ജനതയുടെ പതിറ്റാണ്ടുകൾ നീണ്ട യാത്രാദുരിതത്തിന് അറുതിയാകുന്നു. അമ്പൂരി പഞ്ചായത്തിലെ തൊടുമല നിവാസികളുടെ ചിരകാല സ്വപ്നമായ കുമ്പിച്ചൽക്കടവ് പാലം ഫെബ്രുവരി 11-ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. കരിപ്പയാറിന് നടുവിൽ തുരുത്തായി മാറിയ ആദിവാസി ഊരുകളിലെ ആയിരത്തോളം വരുന്ന ജനങ്ങൾക്ക് ഈ പാലം പുതിയൊരു ജീവിതരേഖയായി മാറും. എൽ.ഡി.എഫ് സർക്കാരിന്റെ ഇച്ഛാശക്തിയിൽ കിഫ്ബി വഴി 24.71 കോടി രൂപ ചെലവഴിച്ചാണ് ഈ ബൃഹദ് പദ്ധതി യാഥാർത്ഥ്യമാക്കിയത്.
പതിറ്റാണ്ടുകളായി പുറംലോകത്തെത്താൻ കടത്തുവള്ളങ്ങളെ മാത്രം ആശ്രയിച്ചിരുന്ന ഒരു ജനത നേരിട്ടിരുന്ന ദുരിതങ്ങൾക്കാണ് ഇതോടെ അറുതിയാകുന്നത്. ആശുപത്രി ആവശ്യങ്ങൾക്കും ദൈനംദിന ജീവിതത്തിനുമായി വള്ളം കാത്തുനിൽക്കേണ്ടി വന്നിരുന്ന തൊടുമല നിവാസികൾക്ക് ഇനി സുരക്ഷിതമായി കരയ്ക്കടുക്കാം. പ്രദേശത്തെ ജനങ്ങളുടെ വിഷമതകൾ കണക്കിലെടുത്ത് സി.കെ. ഹരീന്ദ്രൻ എം.എൽ.എ നടത്തിയ നിരന്തര ഇടപെടലുകളും സർക്കാരിന്റെ വികസന കാഴ്ചപ്പാടുമാണ് നിർമ്മാണ ഘട്ടത്തിലെ തടസ്സങ്ങളെല്ലാം നീക്കി പാലം പൂർത്തിയാക്കാൻ വഴിയൊരുക്കിയത്.
യാത്രാസൗകര്യത്തിനപ്പുറം അമ്പൂരിയുടെ ടൂറിസം സാധ്യതകൾക്കും കുമ്പിച്ചൽക്കടവ് പാലം കരുത്തേകും. പാലം കാണാനായി എത്തുന്ന സന്ദർശകരുടെ തിരക്ക് പരിഗണിച്ച്, ഡിസൈൻ പോളിസിയുടെ ഭാഗമായി പാലത്തിന് താഴെയുള്ള ഒഴിഞ്ഞ സ്ഥലം പ്രയോജനപ്പെടുത്തി വിനോദസഞ്ചാര കേന്ദ്രം ഒരുക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 99 ലക്ഷം രൂപയുടെ അധിക ഫണ്ട് അനുവദിച്ചതായും മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.
ഫെബ്രുവരി 11-ന് നടക്കുന്ന ചടങ്ങിൽ കുമ്പിച്ചൽക്കടവ് പാലത്തോടൊപ്പം പൊതുമരാമത്ത് വകുപ്പ് സംസ്ഥാനത്തുടനീളം പൂർത്തിയാക്കിയ 30 റോഡുകളുടെയും 6 പാലങ്ങളുടെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. മലയോര മേഖലയുടെ വികസനക്കുതിപ്പിൽ നിർണ്ണായകമായ ഈ ചടങ്ങ് അമ്പൂരിയുടെ ചരിത്രത്തിലെ പുതിയൊരു അധ്യായമായി മാറും.