പിഎഫ് പിൻവലിക്കാൻ അപേക്ഷ നൽകി ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന സ്ഥിതിക്ക് മാറ്റം വരുന്നു. യുപിഐ ഉപയോഗിച്ച് അതിവേഗത്തിൽ പണം പിൻവലിക്കാനുള്ള പദ്ധതിയുമായി ഇപിഎഫ്ഒ. ഈ സൗകര്യം സാധ്യമാക്കുന്നതിനായി ഇപിഎഫ്ഒ നാഷണൽ പേയ്‌മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻപിസിഐ) സഹകരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ ചട്ടക്കൂടിന് കീഴിൽ, മെഡിക്കൽ എമർജൻസി, വിദ്യാഭ്യാസം, ഭവനം അല്ലെങ്കിൽ വിവാഹം തുടങ്ങിയ അനുവദിച്ചിട്ടുള്ള ആവശ്യങ്ങൾക്കായി ഇപിഎഫ്ഒ അംഗങ്ങൾക്ക് ഭീം ആപ്പ് വഴി നേരിട്ട് മുൻകൂർ പിഎഫ് പിൻവലിക്കൽ അഭ്യർത്ഥനകൾ സമർപ്പിക്കാൻ കഴിയും.
സാധാരണയായി പിഎഫ് തുക പിൻവലിക്കാൻ 3 മുതൽ 15 ദിവസം വരെ എടുക്കാറുണ്ട്. എന്നാൽ യുപിഐ സംവിധാനത്തിലേക്ക് മാറുന്നതോടെ, അപേക്ഷ അംഗീകരിച്ചു കഴിഞ്ഞാൽ പണം ഉടനടി അക്കൗണ്ടിൽ എത്തും. ഇതിനായി അപേക്ഷിച്ചിരിക്കുന്നവർ യുഎഎൻ (UAN) ആധാർ നമ്പറുമായും കെവൈസി (KYC) വിവരങ്ങളുമായും ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
അതേസമയം, ഇത് ഘട്ടം ഘട്ടമായി മാത്രമേ നടപ്പിലാക്കാൻ സാധ്യതയുള്ളൂ എന്നാണ് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്. തുടക്കത്തിൽ, ഇടപാട് തുകകൾക്ക് പരിധിയുണ്ടാകും. ആർബിഐ നിർദ്ദേശിക്കുന്ന യുപിഐ ഇടപാട് പരിധികളും പരിഗണിക്കേണ്ടതുണ്ട്. നിലവിൽ ഇപിഎഫ്ഒ ഈ സൗകര്യത്തിന്‍റെ ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, വരുന്ന മാസങ്ങളിൽ BHIM ആപ്പിൽ ഒരു പൈലറ്റ് പ്രോജക്റ്റായി ഇത് പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.