കൊച്ചി മേയർ സ്ഥാനത്തിനായി ലത്തീൻ സഭ ഇടപെട്ടത് സ്ഥിരീകരിച്ച് മേയർ വി കെ മിനിമോൾ. സഭയുടെ സംഘടനാ ശക്തിയാണ് തന്റെ മേയർ സ്ഥാനമെന്നും മിനിമോൾ പറഞ്ഞു. കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ ജനറൽ അസംബ്ലിയുടെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു മിനി മോളുടെ വെളിപ്പെടുത്തൽ. സഭ നടത്തിയ ഇടപെടൽ ബിഷപ്പുമാരും നിഷേധിച്ചില്ല.
തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിച്ച കോർപ്പറേഷൻ കൗൺസിലർമാരിൽ ലത്തീൻ സഭാംഗത്തിന് മേയർ സ്ഥാനം നൽകണമെന്ന് യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ട കാര്യം വരാപ്പുഴ അതിരൂപതയിലെ ക്രൈസ്തവ സംഘടനാ ഭാരവാഹികൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദീപ്തി മേരി വർഗീസിനെ തഴഞ്ഞ് വി കെ മിനിമോളെ യുഡിഎഫ് നേതൃത്വം മേയർ ആക്കിയത്. ഇക്കാര്യത്തിൽ മിനിമോളുടെ ഭാഗത്ത് നിന്നും ഇതുവരെ പ്രതികരണം ഉണ്ടായിരുന്നില്ല. കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ കൊച്ചിയിൽ നടന്ന 46-ാംജനറൽ അസംബ്ലി ഉദ്ഘാടനം ചെയ്യവെ ആയിരുന്നു ഇന്ന് മിനിമോളുടെ വെളിപ്പെടുത്തൽ. സഭയിൽ നിന്ന് ശബ്‌ദം ഉയർത്തിയതിന് ലഭിച്ച ഉത്തരമാണ് തൻ്റെ മേയർ സ്ഥാനമെന്നും മിനിമോൾ പറഞ്ഞു.
ലത്തീൻ സഭ മിനി മോൾക്ക് വേണ്ടി ഇടപെടൽ നടത്തിയ കാര്യം KRLCC പ്രസിഡൻ്റ് കൂടിയായ ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലും നിഷേധിച്ചില്ല. ടോണി ചമ്മിണി ഉൾപ്പെടെ ചില മുൻകാല UDF മേയർമാർക്ക് വേണ്ടിയും സഭാ നേതൃത്വം ഇടപെട്ടിട്ടുണ്ടെന്ന് KLCA ഭാരവാഹികൾ വ്യക്തമാക്കി. ഇന്ന് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ചടങ്ങിലാണ് അപ്രതീക്ഷിതമായി മിനിമോൾ ഉദ്ഘാടകയായി എത്തിയത്. ദീപ്തി മേരി വർഗീസിനെ തഴഞ്ഞ് മിനിമോളെ മേയർ ആക്കിയത് KC വേണുഗോപാൽ ഉൾപ്പെടെയുള്ള ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾക്ക് വലി തിരിച്ചടിയായിരുന്നു. കോൺഗ്രസിന്റെ തീരുമാനങ്ങളെ അട്ടിമറിക്കാർ സഭാ നേതൃത്വത്തിൻ്റെ സ്വാധീനത്തിന് സാധിച്ചു എന്നാണ് പുതിയ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.