ഇന്ത്യയിൽ ആദ്യമായി അപൂർവ്വ രോഗമായ പ്ലെക്‌സിഫോം ന്യൂറോഫൈബ്രോമാറ്റോസിസ് ബാധിച്ചവർക്ക് സൗജന്യ ചികിത്സയും മരുന്നും ലഭ്യമാക്കി കേരളം


ആരോഗ്യ മേഖലയിൽ വീണ്ടും രാജ്യത്തിന് മാതൃകയായി കേരളം. ഇന്ത്യയിൽ ആദ്യമായി അപൂർവ്വ രോഗമായ പ്ലെക്‌സിഫോം ന്യൂറോഫൈബ്രോമാറ്റോസിസ് (Plexiform Neurofibromatosis – PN) ബാധിച്ചവർക്ക് സൗജന്യ ചികിത്സയും മരുന്നും ലഭ്യമാക്കി സംസ്ഥാനം ചരിത്രം കുറിച്ചു. ലക്ഷങ്ങൾ ചെലവ് വരുന്ന ഈ ചികിത്സ, സാധാരണക്കാർക്ക് അപ്രാപ്യമായിരുന്നു.

കേന്ദ്ര സർക്കാരിന്റെ എൻപിആർഡി (NPRD) പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്ത നിരവധി രോഗികൾ ചികിത്സയ്ക്കായി ബുദ്ധിമുട്ടുന്ന സാഹചര്യം പരിഗണിച്ചാണ് സംസ്ഥാന ആരോഗ്യവകുപ്പ് ഇടപെട്ടത്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ പ്രത്യേക നിർദേശപ്രകാരം നടപ്പിലാക്കിയ ‘കെയർ’ (CARE) പദ്ധതിയിലൂടെയാണ് ഈ അപൂർവ്വ നേട്ടം സാധ്യമായത്.

പിഎൻ രോഗികൾക്കായി സമഗ്രമായ ചികിത്സാ സൗകര്യങ്ങളും മരുന്ന് സഹായവും ഇനി കെയർ പദ്ധതിയുടെ ഭാഗമായി ഉറപ്പാക്കും. കേന്ദ്രം കൈവിട്ട രോഗികൾക്കും ആശ്വാസമേകുന്ന ഈ നീക്കം, കേരളത്തിന്റെ പൊതുജനാരോഗ്യ നയത്തിലെ നിർണ്ണായക ചുവടുവെപ്പാണ്.

തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ള ഒരു കുഞ്ഞിനാണ് ആദ്യ മരുന്ന് നല്‍കിയത്. 10 ലക്ഷം രൂപയുടെ മരുന്നാണ് നല്‍കിയത്. ഇതോടെ പിഎന്‍ രോഗികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സംവിധാനത്തിലൂടെ സമഗ്ര ചികിത്സ നല്‍കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം കേരളമായി.

അപൂര്‍വ രോഗങ്ങള്‍ക്കുള്ള കരുതലിന്റെ കേരളമാതൃകയാണ് കെയര്‍ പദ്ധതി. രോഗനിര്‍ണയം മുതല്‍ മരുന്ന്, പിന്തുണാ സേവനങ്ങള്‍, സാമ്പത്തിക-മാനസിക പിന്തുണ തുടങ്ങി ചികിത്സയുടെ എല്ലാ ഘട്ടങ്ങളും കെയര്‍ പദ്ധതി ഉറപ്പാക്കുന്നു. അപൂര്‍വ രോഗങ്ങള്‍ക്ക് വിലപിടിപ്പുള്ള മരുന്നുകള്‍ നല്‍കാനുള്ള പദ്ധതിയും ലൈസോസോമല്‍ സ്റ്റോറേജ്, ഗ്രോത്ത് ഹോര്‍മോണ്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് മരുന്ന് നല്‍കുന്ന പദ്ധതിയും ഈ സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു.

രാജ്യത്തെ 12 ആശുപത്രികളിലൊന്നായി എസ്.എ.ടി. ആശുപത്രിയെ അപൂര്‍വ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്സലന്‍സായി തെരഞ്ഞെടുത്തിട്ടുണ്ട്. പ്രതിവര്‍ഷം കോടികള്‍ ചെലവ് വരുന്ന എസ്.എം.എ. തുടങ്ങിയ അപൂർവ രോഗങ്ങള്‍ക്ക് സൗജന്യ വിദഗ്ധ ചികിത്സ ഈ പദ്ധതിയിലൂടെ ഉറപ്പാക്കുന്നു. രോഗം അപൂര്‍വമാണെങ്കിലും ചികിത്സ അപൂര്‍ണമാകരുത് എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال