കൊച്ചി: സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്ക് ബാലാവകാശ ബോധവത്ക്കരണവുമായി കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്. കമ്മീഷന്റെ ഇന്റര്‍നെറ്റ് റേഡിയോയായ റേഡിയോ നെല്ലിക്കയുടെ പ്രചരാണാര്‍ഥം എല്ലാ ജില്ലകളിലെയും സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് റോഡ്ഷോ നടക്കുക. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും യുവജനങ്ങളും പങ്കെടുക്കുന്ന ബാലാവകാശ ബോധവല്‍ക്കരണ റോഡ്ഷോ 11 ന് കാസര്‍ഗോഡ് ആരംഭിച്ച് 30 ന് തിരുവനന്തപുരത്ത് സമാപിക്കും.
11ന് ഉച്ചക്ക് രണ്ടിന് ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പ്രമുഖ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ കമ്മീഷന് ചെയര്‍പേഴ്സണ്‍ കെ.വി മനോജ്കുമാര്‍ അധ്യക്ഷത വഹിക്കും. റേഡിയോ ജോക്കിയും മെന്റലിസ്റ്റും ടെക്കിനിക്കല്‍ സപ്പോര്‍ട്ട് ടീമും സഞ്ചരിക്കുന്ന സ്റ്റേജില്‍ സ്കൂളുകളിലെ പരിപാടിയുടെ ഭാഗമാകും.
ഓരോ സ്ഥലത്തും കുട്ടികളുമായുളള സംവാദം, കലാപരിപാടികള്‍ തുടങ്ങി ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രോഗ്രാമുകള്‍ ആകും ഉണ്ടാവുക. ഇവ ലൈവായി റേഡിയോയില്‍ ശ്രവിക്കാം. അതാത് സ്കൂളുകളിലെ അധ്യാപകര്‍, രക്ഷിതാക്കള്‍, എന്‍എസ്എസ്, എസ്പിസി, എന്‍സിസി കേഡറ്റുകള്‍, പൊതുസമൂഹം എന്നിവരില്‍ റേഡിയോ നെല്ലിക്ക എത്തിക്കും. റേഡിയോ നെല്ലിക്കയ്ക്ക് നിലവില്‍ 15 ലക്ഷത്തോളം ശ്രോതാക്കളാണുളളത്.
14 മുതല്‍ 18 വരെ ത്യശൂരില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ റേഡിയോ നെല്ലിക്കയുടെ സ്റ്റാളും ക്രമീകരിച്ചിട്ടുണ്ട്. സ്റ്റാളില്‍ കുട്ടികളും അധ്യാപകരുമായുളള അഭിമുഖങ്ങളും വേദികളിലെ പരിപാടികളുടെ ലൈവ് കവറേജും ഉണ്ടാകും. കലോത്സവത്തിലും റോഡ്ഷോ വാഹനം എത്തിച്ചേരും.
എറണാകുളം ജില്ലയില്‍ ഹോളി ഫാമിലി എച്ച് എസ് അങ്കമാലി, ജി.എച്ച്.എസ് പെരുമ്പാവൂര്‍ എന്നീ സ്കൂളുകളിലാണ് റോഡ് ഷോ എത്തുക. റോഡ് ഷോയുടെ സമാപന ദിവസമായ 30 ന് ബാലാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തിന് സൈക്കിള്‍ റാലി സംഘടിക്കും. തിരുവനന്തപുരം മാനവീയം വീഥിയില്‍ നിന്നും വഴുതക്കാട് ഗവ.കോട്ടണ്‍ ഹില്‍ സ്കൂളില്‍ റാലി അവസാനിക്കും.
ലോകത്ത് എവിടെനിന്നും 24 മണിക്കൂറും പരിപാടികള്‍ കേള്‍ക്കാനാകും. തിങ്കള്‍ മുതല്‍ വെള്ളിവരെ നാലു മണിക്കൂറാണ് പ്രോഗ്രാം. ശനിയും ഞായറും പ്രോഗ്രാം ആവര്‍ത്തിക്കും. പരിപാടികള്‍ക്കിടയില്‍ പരസ്യങ്ങളുമില്ല. കുട്ടികളുടെ അവകാശ നിയമങ്ങളെക്കുറിച്ചുള്ള റൈറ്റ് ടേണ്‍, ഫോണ്‍ ഇന്‍ പരിപാടിയായ ഇമ്മിണി ബല്യ കാര്യം, കുട്ടികളും രക്ഷിതാക്കളും അധ്യാപകരും സംശയങ്ങള്‍, പരിഭവങ്ങള്‍, പ്രയാസങ്ങള്‍, സന്തോഷങ്ങള്‍, അനുഭവങ്ങള്‍, കഥകള്‍ എന്നിവ കത്തുകളിലൂടെ പങ്കുവയ്ക്കുന്ന ആകാശദൂത്, റേഡിയോ ചാറ്റ് പ്രോഗ്രാമായ അങ്കിള്‍ ബോസ് തുടങ്ങി വ്യത്യസ്തമായ പരിപാടികളാണ് ശ്രോതാക്കളുടെ മുന്നിലെത്തുന്നത്.