യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടി തുടരുന്നതിനിടെ, അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിസന്ധികൾ മാറണമെന്ന ആഗ്രഹത്തോടെ പ്രത്യേക വഴിപാടുകൾ നടത്തി യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി രംഗത്തെത്തി.
യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി റെജോ വള്ളംകുളമാണ് രാഹുലിന്റെ ഐശ്വര്യത്തിനും പ്രതിസന്ധി മോചനത്തിനുമായി പള്ളിയിലും ക്ഷേത്രത്തിലും ഒരുപോലെ വഴിപാടുകൾ അർപ്പിച്ചത്. രാഹുൽ നിലവിൽ നേരിടുന്ന കടുത്ത രാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്നും പ്രശ്നങ്ങളിൽ നിന്നും മോചനം ലഭിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഈ പ്രാർത്ഥനകളെന്ന് റെജോ വള്ളംകുളം വ്യക്തമാക്കി.
പുതുപ്പള്ളി പള്ളിയിൽ രാഹുലിന്റെ പേരിൽ ‘മൂന്നുമേൽ കുർബാന’ നടത്തിയ അദ്ദേഹം, നന്നൂർ ദേവി ക്ഷേത്രത്തിൽ ‘ശത്രുസംഹാര പൂജ’യും ‘ഭാഗ്യസൂക്താർച്ചന’യും വഴിപാടായി കഴിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ തെറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നത് ഇപ്പോൾ രണ്ടാം കാര്യമാണെന്നും, തന്റെ നേതാവ് നേരിടുന്ന ഈ ദുഷ്‌ക്കാലം മാറി നല്ല കാലം വരണമെന്നതാണ് തന്റേതായ പ്രാർത്ഥനയെന്നും അദ്ദേഹം പറഞ്ഞു.