കട്ടപ്പന മുതല്‍ തേനി വരെ തുരങ്കപാത പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. കട്ടപ്പന മുതല്‍ തേനി വരെയുള്ള മലയോര പാതയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് തുരങ്ക പാത നിര്‍മ്മിക്കാനാണ് ആലോചിക്കുന്നത്. ഇതിന്റെ സാധ്യത പഠനം നടത്തുന്നതിനായി ബജറ്റില്‍ 10 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
അതേസമയം തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നിര്‍ദിഷ്ട റാപ്പിഡ് റെയിലിന്റെ നിര്‍മ്മാണം നാലുഘട്ടമായെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ നിര്‍മ്മിക്കും. തൃശൂര്‍- കോഴിക്കോട് ആണ് രണ്ടാം ഘട്ടത്തില്‍. മൂന്നാം ഘട്ടമായി കോഴിക്കോട് മുതല്‍ കണ്ണൂര്‍ വരെ പാളം ഇടും. നാലാം ഘട്ടത്തില്‍ ഇത് കാസര്‍കോട് വരെ നീട്ടുമെന്നും ധനമന്ത്രി പറഞ്ഞു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി നൂറ് കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
പത്ര പ്രവർത്തക പെൻഷൻ 1500 രൂപ വർധിപ്പിച്ച് 13000 രൂപയാക്കി. ഉന്നത വിദ്യാഭ്യാസത്തിന് 854.41 കോടി വകയിരുത്തി. സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ യൂണിഫോമിന് 150 കോടിലൈബ്രേറിയന്മാർക്ക് ആയിരം രൂപയുടെ ശമ്പള വർധനയുമുണ്ട്.