ശബരിമല സ്വര്‍ണ്ണക്കൊള്ള: ജാമ്യം തേടി ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എന്‍ വാസു സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി


തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ജാമ്യം തേടി ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എന്‍ വാസു സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങള്‍, കട്ടിളപ്പാളികള്‍ എന്നിവിടങ്ങളിലെ സ്വര്‍ണക്കവര്‍ച്ചയ്ക്ക് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തുവെന്ന കേസില്‍ എന്‍ വാസുവിന്റെയും മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെയും മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജുവിന്റെയും ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെയാണ് എന്‍ വാസു ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചത്.

ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് എന്‍ വാസു. കേസിന്റെ അന്വേഷണം അന്തിമഘട്ടത്തിലാണെന്നും അന്വേഷണവുമായി പൂര്‍ണ്ണമായി സഹരിക്കുന്നുണ്ടെന്നും വസ്തുത പരിശോധിക്കാതെയാണ് തനിക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചതെന്നും എന്‍ വാസു അപ്പീലില്‍ ചൂണ്ടിക്കാട്ടി. താന്‍ സ്വര്‍ണക്കവര്‍ച്ചയ്ക്ക് സഹായം ചെയ്തിട്ടില്ലെന്നും തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും അപ്പീലില്‍ പറയുന്നു.

ശ്രീകോവിലിലെ കട്ടിളപ്പാളികള്‍ ചെമ്പുപാളികളെന്ന പേരില്‍ സ്വര്‍ണം പൂശാനായി കൈമാറിയ കേസില്‍ മൂന്നാം പ്രതിയാണ് എന്‍ വാസു. കട്ടിളപ്പാളിയിലെ സ്വര്‍ണപ്പാളികള്‍ ചെമ്പെന്ന് എഴുതാന്‍ കമ്മീഷണറായിരുന്ന എന്‍ വാസുവാണ് നിര്‍ദേശം നല്‍കിയതെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു. പിന്നാലെയാണ് പ്രതി ചേര്‍ത്തത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال