തൃശൂർ വടക്കാഞ്ചേരി കോഴ ആരോപണം വ്യാജമെന്ന് മുസ്ലിം ലീഗ് അംഗം ജാഫര്‍. താൻ ആരുടെയും കയ്യിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്ന് ജാഫര്‍ പറഞ്ഞു. ഓഡിയോ സന്ദേശത്തിലെ ശബ്ദം തൻ്റേതു തന്നെയാണ്. എന്നാൽ പറഞ്ഞ കാര്യങ്ങൾ തമാശ രീതിയിലാണെന്ന് അയാള്‍ പറഞ്ഞു. സി പി ഐ എം പ്രവർത്തകർ ആരും തന്നെ സമീപിച്ചിട്ടില്ല. ആരും പണം നൽകാമെന്ന് പറഞ്ഞിട്ടല്ലെന്ന് അയാള്‍ പറഞ്ഞു. താൻ പറഞ്ഞത് തമാശയാണെന്ന് പറയാൻ മണ്ഡലം പ്രസിഡൻ്റിനെ രണ്ടാമത് വിളിച്ചിരുന്നു എന്നാൽ മണ്ഡലം പ്രസിഡൻ്റ് ഫോൺ എടുത്തില്ലെന്ന് ജാഫർ പറഞ്ഞു.
നേരത്തെ, വടക്കാഞ്ചേരിയില്‍ പിന്തുണയ്ക്കായി കോഴ നല്‍കിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ പറഞ്ഞിരുന്നു. അധികാരം ലഭിക്കാൻ ആരെയും ചാക്കിട്ട് പിടിക്കാൻ സി പി ഐ എം ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോൺഗ്രസ് നടത്തുന്നത് കുപ്രചാരണമെന്നും ബി ജെ പിയും വർഗീയ കക്ഷികളുമായും സഖ്യമുണ്ടാക്കുന്നത് കോൺഗ്രസാണെന്നും അദ്ദേഹം പറഞ്ഞു. തെരെഞ്ഞെടുപ്പിന് മുന്നേ തുടങ്ങിയ സഖ്യം ഇപ്പോഴും തുടരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.