ശബരിമല സ്വർണക്കൊള്ള: അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ ഇന്ന് എസ്ഐടി പരിശോധന നടത്തും


തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ ഇന്ന് എസ്ഐടി പരിശോധന നടത്തും. ദക്ഷിണ വേറെ പടിത്തരം വേറെയെന്ന് എസ്ഐടി ചൂണ്ടിക്കാട്ടി. പടിത്തരം പ്രതിഫലം തന്നെയാണെന്നും തന്ത്രി ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളാണെന്നുമാണ് കണ്ടെത്തൽ. ശമ്പളം കൈപ്പറ്റുന്നതുകൊണ്ടുതന്നെ ദേവസ്വം ബോർഡിന്റെ സ്വത്ത് സംരക്ഷിക്കാൻ തന്ത്രി ബാധ്യസ്ഥനാണെന്നുമാണ് എസ്ഐടി കണ്ടെത്തൽ.

വ്യക്തമായ പരിശോധനയ്ക്കും നിയമോപദേശത്തിനും ശേഷമാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് എസ്ഐടി എത്തിയത്. ദേവസ്വം മാനുവലിൽ തന്ത്രിയുടെ ഭാ​ഗം എടുത്തുപറഞ്ഞുകൊണ്ടാണ് റിമാൻഡ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. അസിസ്റ്റന്റ് കമ്മീഷണർ റാങ്കിൽ വരുന്ന ഒരാളാണ് തന്ത്രി എന്നാണ് മാനുവലില‍ പറയുന്നത്. മാത്രമല്ല, ദേവസ്വത്തിന്റെ സ്വത്തുക്കൾ സംരക്ഷിക്കാനുള്ള, താന്ത്രികവുമായി ബന്ധപ്പെട്ട ഏറ്റവും ഉയർന്ന തസ്തികയിലുള്ള ഒരാളാണ് തന്ത്രി കണ്ഠര് രാജീവര്. തന്ത്രിക്ക് ലഭിക്കുന്ന പ്രതിഫലത്തെ പടിത്തരം എന്നാണ് മാനുവലിൽ പറയുന്നത്. ആദ്യം പടിത്തരം എന്നത് ദക്ഷിണയാണോ പ്രതിഫലമാണോ എന്നതിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നാൽ, ഇതിൽ നിയമോപദേശം തേടിയ ശേഷമാണ് പടിത്തരം പ്രതിഫലം തന്നെയാണെന്നും തന്ത്രി ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളാണെന്നും എസ്ഐടി കണ്ടെത്തിയത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال