ബാർ ഹോട്ടലുകളിൽ നടത്തിയ വിജിലൻസ് പരിശോധനയിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തി


ബാർ ഹോട്ടലുകളിൽ നടത്തിയ വിജിലൻസ് പരിശോധനയിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തി. യഥാസമയത്ത് പരിശോധനകൾ നടത്തുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയതായും, എക്സൈസ് ഉദ്യോഗസ്ഥർ ബാർ ഉടമകളിൽ നിന്ന് മാസപ്പടിയായി കൈക്കൂലി വാങ്ങിയതായും അന്വേഷണത്തിൽ വ്യക്തമായി. സംസ്ഥാനത്ത് 66 ബാർ ഹോട്ടലുകളിലാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്.

അനുമതിയുള്ള സമയത്തിന് മുമ്പ് തന്നെ നിരവധി ബാറുകൾ തുറന്ന് പ്രവർത്തിക്കുന്നതായി കണ്ടെത്തി. പത്തനംതിട്ടയിലെ ഒരു ബാറിൽ അവധി ദിവസത്തിലും മദ്യവിൽപ്പന നടന്നതായി വിജിലൻസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ദിവസവും അതേ ബാറിൽ മദ്യം വിൽപ്പന നടത്തിയതായി ഉദ്യോഗസ്ഥർ കണ്ടെത്തി.

ആലപ്പുഴയിൽ ബാർ ഹോട്ടലുകളിൽ നിന്ന് മാസപ്പടിയായി 3,56,000 രൂപ എക്സൈസ് ഉദ്യോഗസ്ഥർ കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ, റേഞ്ച് ഇൻസ്പെക്ടർമാർ എന്നിവരാണ് ഈ കൈക്കൂലിയിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് വിജിലൻസ് വ്യക്തമാക്കി.

മലപ്പുറത്ത് എക്സൈസ് ഓഫീസിൽ നിന്നുതന്നെ മദ്യം കണ്ടെത്തിയതും ഗുരുതരമായ കണ്ടെത്തലാണ്. ബാർ ഹോട്ടലുകളിൽ നിന്ന് ലഭിച്ച പാരിതോഷികങ്ങളാണ് ഇവയെന്നു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി വിജിലൻസ് അറിയിച്ചു.

വിജിലൻസ് റിപ്പോർട്ട് പുറത്തുവന്നതോടെ എക്സൈസ് വകുപ്പിലെ അഴിമതിയും ക്രമക്കേടുകളും വീണ്ടും ചർച്ചയായിരിക്കുകയാണ്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال