പോലീസ് ക്രിമിനലെന്ന ദിലീപിന്റെ ആരോപണം തള്ളി എ.കെ. ബാലൻ

നടി ആക്രമിക്കപ്പെട്ട കേസിൻ്റെ വിധിക്ക് ശേഷം, അന്വേഷണ സംഘത്തിനെതിരെ നടൻ ദിലീപ് ഉന്നയിച്ച ആരോപണങ്ങളെ തള്ളി സി.പി.എം. നേതാവും മുൻ മന്ത്രിയുമായ എ.കെ. ബാലൻ. കേരള പോലീസിൽ ക്രിമിനലുകളുടെ സ്വാധീനത്തിന് വഴങ്ങി അന്വേഷണം നടത്തുന്നു എന്ന ദിലീപിൻ്റെ പരാമർശം ഗുരുതരമാണെന്ന് അദ്ദേഹം പറഞ്ഞു.”അന്വേഷണ സംഘം ക്രിമിനലാണെന്ന ദിലീപിൻ്റെ പരാമർശം ഗുരുതര ആരോപണമാണ്. അങ്ങനെയാണെങ്കിൽ അദ്ദേഹത്തിന് നടപടികൾ സ്വീകരിക്കാവുന്നതാണ്,” എ.കെ. ബാലൻ വ്യക്തമാക്കി.

അന്വേഷണ ഉദ്യോഗസ്ഥയായിരുന്ന ബി. സന്ധ്യ ക്രിമിനലാണെന്ന അഭിപ്രായം തനിക്കില്ല. ഗൂഢാലോചന തെളിഞ്ഞിട്ടില്ല എന്ന് കോടതി പറയാൻ പ്രധാനപ്പെട്ട കാരണങ്ങൾ ഉണ്ടാകും. ഇക്കാര്യത്തെക്കുറിച്ച് പറയേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ആരും ശ്രമിച്ചിട്ടില്ല,” എ.കെ. ബാലൻ കൂട്ടിച്ചേർത്തു.

കോടതി വിധിയെക്കുറിച്ച് അഭിപ്രായം പറയാൻ താനില്ലെന്നും കോടതിയുടെ മുന്നിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിധി എന്നും അദ്ദേഹം പറഞ്ഞു. ഗൂഢാലോചന തെളിയിക്കാൻ മേൽക്കോടതികൾ ഉണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നടിയെ ആക്രമിച്ച കേസിൽ, ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് പറഞ്ഞാണ് എട്ടാം പ്രതി ദിലീപിനെ വിചാരണ കോടതി കുറ്റവിമുക്തനാക്കിയത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال