വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ നേമം മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു. സ്ഥാനാർത്ഥി നിർണ്ണയത്തെക്കുറിച്ചുള്ള പാർട്ടിയിലുളള ഔദ്യോഗിക ചർച്ചകൾ തുടങ്ങുന്നതിനുമുമ്പുള്ള ഈ അപ്രതീക്ഷിത പ്രഖ്യാപനം രാഷ്ട്രീയവേദിയിൽ ശ്രദ്ധ നേടി.
തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച ‘വോട്ട് വൈബ്’ എന്ന പരിപാടിയിലായിരുന്നു രാജീവ് ചന്ദ്രശേഖർ സംസാരിച്ചത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, “തീർച്ചയായും മത്സരിക്കും. വേണമെങ്കിൽ മണ്ഡലവും ഇപ്പോൾ തന്നെ പറയാം” എന്ന് മറുപടി നൽകിയ അദ്ദേഹം പിന്നാലെ തന്നെ മത്സരിക്കുന്ന മണ്ഡലം നേമം ആയിരിക്കുമെന്ന് വ്യക്തമാക്കി.
ബിജെപിയിൽ സാധാരണയായി സ്ഥാനാർത്ഥി പട്ടിക പാർട്ടി യോഗങ്ങളിൽ തീരുമാനിച്ച ശേഷമാണ് പ്രഖ്യാപനം നടത്താറുള്ളത്. എന്നാൽ, ഈ പതിവിൽ നിന്ന് മാറി ദേശീയ അധ്യക്ഷൻ തന്നെ മുൻകൂട്ടി മണ്ഡലം പ്രഖ്യാപിച്ചിരിക്കുന്നത് രാഷ്ട്രീയ നിരീക്ഷകർക്ക് കൗതുകം നിറച്ചിരിക്കുകയാണ്.