പാരഡി ഗാനത്തിനെതിരായ കേസ് മലയാളികൾക്ക് നാണക്കേട്: പി.സി. വിഷ്ണുനാഥ്


‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡി ഗാനത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ കേസെടുത്ത സർക്കാർ തീരുമാനം മലയാളികൾക്ക് നാണക്കേടുണ്ടാക്കുന്നതാണെന്ന് പി.സി. വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തിനായി പോരാടുന്നുവെന്ന് അവകാശപ്പെടുന്ന ഭരണകൂടത്തിന് ഒരു പാട്ടുപോലും ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം വിമർശിച്ചു.

അയ്യപ്പന്റെ കട്ടളയും ദ്വാരപാലക ശിൽപവും കടത്തിയവർക്കാണ് ഈ പാട്ട് കേൾക്കുമ്പോൾ വേദനയുണ്ടാകേണ്ടതെന്നും, വിശ്വാസികൾക്ക് വേദനയുണ്ടാകേണ്ട യാതൊരു കാര്യമുമില്ലെന്നും പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി. പാരഡി ഗാനത്തിന്റെ രചയിതാവായ കുഞ്ഞബ്ദുള്ളയുടെ സർഗ്ഗാത്മക പ്രതിഷേധമായിരുന്നു ഈ സൃഷ്ടിയെന്നും, അതുപോലും ഉൾക്കൊള്ളാൻ കഴിയാതെ കേസെടുക്കുന്നത് മലയാളി സമൂഹത്തിന് മൊത്തത്തിൽ നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.

മതവികാരത്തെ വൃണപ്പെടുത്തുന്ന ഒന്നും തന്നെ പാരഡിയിൽ ഇല്ലെന്നും, സ്വർണം മോഷ്ടിച്ചുവെന്ന് പറയുന്നത് സത്യമായ കാര്യമാണെന്നും പി.സി. വിഷ്ണുനാഥ് കൂട്ടിച്ചേർത്തു. അത് ചെയ്തവരാണ് ഇപ്പോൾ ജയിലിലിരിക്കുന്നതെന്നും, ഈ വിഷയം വീണ്ടും വീണ്ടും ജനങ്ങളിലേക്ക് എത്തിച്ച് സർക്കാർ തന്നെ സ്വയം നാണംകെടുകയാണെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം, കേസിൽ ഗാനരചയിതാവ് ഉൾപ്പെടെ നാല് പേരെയാണ് പ്രതികളാക്കിയിരിക്കുന്നത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال