തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; ഒഴിവാക്കപ്പെട്ടവർ 25 ലക്ഷത്തോളം


തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിന്‍റെ ആദ്യഘട്ടം ഇന്ന് പൂർത്തിയാകും. വീടുകൾ കയറി വിവരശേഖരണം നടത്തി എന്യൂമറേഷൻ ഫോമുകൾ ഡിജിറ്റൈസ് ചെയ്യാൻ ഇന്ന് കൂടിയാണ് സമയമുണ്ട്. സംസ്ഥാനത്ത് ഫോമുകളുടെ ഡിജിറ്റൈസേഷൻ 100 ശതമാനത്തിനടുത്ത് പൂർത്തിയായി. കണ്ണൂർ, തൃശ്ശൂർ, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ മുഴുവൻ ഫോമുകളും ഡിജിറ്റൈസ് ചെയ്തു. കരട് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്നവരുടെ എണ്ണം 25 ലക്ഷത്തോളമാണ്. ഒഴിവാകുന്നവരുടെ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബിഎൽഎമാർക്ക് ഇതിൽ തിരുത്തലുണ്ടെങ്കിൽ ഇന്ന് കൂടി നിർദേശിക്കാം. കരട് വോട്ടർ പട്ടിക ഡിസംബർ 23ന് പ്രസിദ്ധീകരിക്കും. കരട് പട്ടികയിൽ പരാതികളുണ്ടെങ്കിൽ ജനുവരി 22വരെ സമർപ്പിക്കാം. ഫെബ്രുവരി 21നാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക.

അതേസമയം, കേരളത്തിലെ തീവ്രവോട്ടർ പട്ടികപരിഷ്ക്കരണവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി ഈ മാസം 20 വരെ നടപടികൾ നീട്ടാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ രണ്ടാഴ്ച്ച കൂടി നീട്ടണമെന്നായിരുന്നു സംസ്ഥാനസർക്കാർ ആവശ്യം. ഈ ആവശ്യത്തിൽ ഇന്ന് കോടതിയിൽ വാദം നടക്കും. വോട്ടർപട്ടിക പരിഷ്ക്കരണവുമായ ബന്ധപ്പെട്ട നടപടികൾ കേരളത്തിൽ നിലവിൽ അവസാനഘട്ടത്തിലായതിനാൽ നടപടികൾ നീട്ടുന്നകാര്യത്തിൽ സുപ്രീംകോടതി തീരുമാനം നിർണ്ണായകമാകും.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال