കോർപ്പറേഷൻ കെട്ടിടത്തിലെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന ആർ. ശ്രീലേഖയുടെ ആവശ്യത്തിന് വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത് ശക്തമായി പ്രതികരിച്ചു. ശ്രീലേഖ ഉന്നയിച്ച ആവശ്യം യുക്തിരഹിതവും സാമാന്യ മര്യാദയില്ലാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു. വാടകക്കരാറിന്റെ കാലാവധി അവസാനിക്കുന്നതുവരെ ഓഫീസ് ഒഴിയില്ലെന്നും, ഒഴിപ്പിക്കാൻ ശ്രമിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും വി.കെ. പ്രശാന്ത് വ്യക്തമാക്കി.
കോർപ്പറേഷനിൽ ബിജെപി ഭരണത്തിലേറിയതിന് പിന്നാലെയാണ് മുൻ മേയറുമായും നിലവിലെ എംഎൽഎയുമായ വി.കെ. പ്രശാന്തിനോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട് ബിജെപി കൗൺസിലർ ആർ. ശ്രീലേഖ രംഗത്തെത്തിയത്.
ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എംഎൽഎ ഓഫീസ് ഒഴിയണമെന്ന ആവശ്യം ഫോണിലൂടെയായിരുന്നു ഉന്നയിച്ചത്. ഈ കെട്ടിടം തന്നെ തനിക്ക് പ്രവർത്തിക്കാനും താമസിക്കാനും സൗകര്യമുള്ളതാണെന്നും ശ്രീലേഖ പ്രശാന്തിനെ അറിയിച്ചതായി റിപ്പോർട്ടുണ്ട്.