ആലപ്പുഴ അരൂരിൽ തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന കാപ്പാ കേസ് പ്രതി മരിച്ചു. എരമല്ലൂർ സ്വദേശി ലിജിൻ ലക്ഷ്മണൻ (28) ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. നവംബർ 24ന് രാത്രിയാണ് ലിജിന് തലയ്ക്ക് അടിയേറ്റത്. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തായ എരമല്ലൂർ സ്വദേശി സാംസൺ ലിജിനെ പട്ടിക കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ലിജിനെ ആദ്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും
പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പ്രതി സാംസണെ അന്ന് രാത്രി തന്നെ എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ നിന്ന് അരൂർ പൊലീസ് പിടികൂടിയിരുന്നു. നിരവധി ലഹരി, അടിപിടി കേസുകളിൽ പ്രതിയാണ് സാംസൺ.
അതേസമയം, തൃശൂർ ആമ്പല്ലൂരിൽ കാർ യാത്രക്കാരനെ സ്വകാര്യ ബസ് ഡ്രൈവർ ആക്രമിച്ചതായി പരാതി. ഇന്ന് ഉച്ചയോടെ ആമ്പല്ലൂർ സെന്ററിൽ ആയിരുന്നു സംഭവം നടന്നത്. തൃശൂരിൽ നിന്നും പാലപ്പിള്ളിക്ക് പോയിരുന്ന സ്വകാര്യ ബസിലെ ഡ്രൈവർ അതേ ദിശയിൽ പോയിരുന്ന കാർ യാത്രക്കാനെയാണ് ആക്രമിച്ചത്.