ശബരിമല സ്വർണ മോഷണക്കേസിൽ ഡി മണിയെയും കൂട്ടാളി ശ്രീകൃഷ്ണനെയും ഇന്ന് എസ് ഐ ടി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ഡിണ്ടിഗലിൽ വച്ചായിരിക്കും ചോദ്യം ചെയ്യുക. ശബരിമലയിലെ സ്വർണ മോഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ഇവരിൽ നിന്നും ലഭിക്കുന്ന മുറയ്ക്ക് മാത്രമാകും ഇവരെ കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്ത് എത്തിക്കുക. നിലവിൽ വിദേശ വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ വീണ്ടും എസ്ഐടി ചോദ്യം ചെയ്യും.
ചെന്നൈയിൽ എത്തിയ എസ്ഐടിയുടെ പ്രത്യേക സ്ക്വാഡ് ഡി മണി എന്ന ബാലമുരുകനെ കണ്ടെത്തി ചോദ്യം ചെയ്യൽ ആരംഭിച്ചിരുന്നു. ചെന്നൈയിൽ വച്ച് ഡയമണ്ട് മണിയുടെ ചോദ്യം ചെയ്യൽ തുടരുന്ന ഘട്ടത്തിൽ തന്നെയാണ് ഇയാളുടെ കൂട്ടാളി ശ്രീ കൃഷ്ണനെ എസ് ഐ ടിയുടെ മറ്റൊരു സംഘം കണ്ടെത്തിയതും ചോദ്യം ചെയ്യൽ ആരംഭിച്ചതും. വിഗ്രഹക്കടത്തിൽ ഇയാൾക്കും പങ്കുണ്ടെന്ന് വിദേശ വ്യവസായി മൊഴി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇരുവരുടെയും ചോദ്യം ചെയ്യുന്നത്.
ശ്രീകൃഷ്ണന്‍റെ മുൻകാല കേസുകളുടെ വിവരങ്ങളും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ശബരിമല ഉൾപ്പെടുന്ന ക്ഷേത്രങ്ങളിൽ ഡി മണിക്ക് വേണ്ടി അനധികൃത ഇടപാടുകൾ നടത്തിയത് ശ്രീ കൃഷ്ണൻ ആണെന്ന വിവരവും പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിലൂടെ ഇതിൽ വ്യക്തത വരുത്തുക കൂടിയാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ ലക്ഷ്യം.