പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഹണി റോസ് ചിത്രം 'റേച്ചൽ' റിലീസ് മാറ്റിവെച്ചു. ''റേച്ചൽ നിങ്ങളെ കാണാൻ തയ്യാറാണ്, പക്ഷെ ഇപ്പോഴല്ല. നിലവിലെ സമയവും വേൾഡ് വൈഡ് റിലീസിനുള്ള സാഹചര്യങ്ങളും പരിഗണിച്ച്, പ്രേക്ഷകർക്ക് മികച്ച കാഴ്ചാനുഭവം ഉറപ്പാക്കുന്നതിനായി ചിത്രത്തിന്‍റെ റിലീസ് മാറ്റിവയ്ക്കുകയാണ്'' എന്നാണ് ചിത്രത്തിന്‍റെ നിർമ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. പുതിയ റിലീസ് തീയതി ഉടൻ പുറത്തുവിടുന്നതാണെന്നും അറിയിച്ചിട്ടുണ്ട്.
ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങിയതുമുതൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയമായി മാറിയ 'റേച്ചൽ', ഹണി റോസിന്‍റെ കരിയറിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രമായാണ് വിലയിരുത്തപ്പെടുന്നത്. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹരചയിതാവാകുന്ന ചിത്രം നവാഗതയായ ആനന്ദിനി ബാലയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ഇറച്ചിവെട്ടുകാരിയായ കഥാപാത്രമായാണ് ഹണി റോസ് എത്തുന്നത്.
സിനിമയുടെ ട്രെയിലറിൽ കണ്ട തീവ്രമായ ആക്ഷൻ രംഗങ്ങളും, ഹണി റോസിന്‍റെ ഇതുവരെ കാണാത്ത ബോൾഡ് മേക്കോവറും ഏറെ ശ്രദ്ധ നേടിയിരുന്നു. കുടുംബ ബന്ധങ്ങളെയും പ്രതികാരത്തെയും കേന്ദ്രീകരിച്ചുള്ള ശക്തമായ ഒരു കഥാപരിസരമാണ് 'റേച്ചൽ' എന്നാണ് സൂചന. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി ചിത്രം റിലീസ് ചെയ്യുമെന്നതും പ്രേക്ഷകരുടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നു.