ശനിയാഴ്ച രാത്രി കാസർഗോഡ് കരിന്തളത്ത് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണത്തിന് കാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. ഇന്നലെ രാത്രിയാണ് 80 വയസ്സുകാരിയായ ലക്ഷ്മിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കാസർകോട് ഗവൺമെൻ്റ് ജനറൽ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് ലക്ഷ്മിയുടെ മരണകാരണം ഹൃദയാഘാതമാണെന്ന പ്രാഥമിക വിവരമുള്ളത്. പൊലീസ് സർജൻ്റെ നേതൃത്വത്തിലാണ് പോസ്‌റ്റ് മോർട്ടം പൂർത്തിയാക്കിയത്.
മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടായിരുന്നു. ഹൃദയത്തിന് 90 ശതമാനത്തോളം ബ്ലോക്ക് ഉള്ളതായാണ് പോസ്റ്റ് മോർട്ടത്തിലെ കണ്ടെത്തൽ. കരിന്തളം തോളേനി മുത്തപ്പൻ ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന പി. ലക്ഷ്മിക്കുട്ടിമ്മയെ ഇന്നലെ രാത്രിയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ മെയിൻ സ്വിച്ച് ഓഫ് ചെയ്തതും അടുക്കള വാതിൽ തുറന്നു കിടന്നതും സംഭവത്തിൽ ദുരൂഹതയുയർത്തിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിയിരുന്നു.
അന്വേഷണത്തിലും പോസ്റ്റ് മോർട്ടത്തിലും ശരീരത്തിൽ സംശയകരമായ പാടുകളൊന്നും ഉണ്ടായിരുന്നില്ല. ആഭരണങ്ങളോ മറ്റു വസ്തുക്കളോ നഷ്ടപ്പെട്ടിരുന്നില്ലെന്ന് പോലീസിൻറെ പരിശോധനയിലും വ്യക്തമായി.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു.
സിപിഐഎം കരിന്തളം വെസ്റ്റ് ബ്രാഞ്ച് അംഗമായിരുന്നു ലക്ഷ്മി.