തിരുവനന്തപുരം ജില്ലയിലെ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ രണ്ടാനച്ഛന് 78 വർഷം കഠിന തടവും നാല് ലക്ഷത്തി അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ചു മീര ബിർളയാണ് ശിക്ഷാവിധി പ്രസ്താവിച്ചത്. പിഴ അടച്ചില്ലെങ്കിൽ നാലര വർഷം കൂടി തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. പിഴത്തുക കുട്ടിക്ക് നൽകണമെന്നും, ലീഗൽ സർവീസ് അതോറിറ്റി വഴി നഷ്ടപരിഹാരം അനുവദിക്കണമെന്നും വിധിയിൽ വ്യക്തമാക്കി.
2023ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു കുട്ടി. ആദ്യ ഭർത്താവുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം കുട്ടിയുടെ അമ്മ പ്രതിയുമായി പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തു. വിവാഹത്തിന് ശേഷം കുറച്ച് നാൾ കഴിഞ്ഞാണ് പ്രതി കുട്ടിയെ പീഡിപ്പിക്കാൻ ആരംഭിച്ചതെന്നും ഇത് പലതവണ ആവർത്തിച്ചതെന്നും കോടതി കണ്ടെത്തി.
സംഭവം പുറത്തുപറയരുതെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഭയന്ന കുട്ടി വിവരം ആരോടും പറഞ്ഞിരുന്നില്ല. പിന്നീട് കുട്ടിയുടെ അനുജൻ വീട്ടിലെത്തിയപ്പോൾ പീഡനം കാണുകയും അമ്മയോട് വിവരം അറിയിക്കുകയും ചെയ്തു. അമ്മ ചോദ്യം ചെയ്തതോടെ പ്രതി ഇവരെ ക്രൂരമായി മർദിച്ചു. തുടർന്നാണ് അമ്മ പൊലീസിൽ പരാതി നൽകിയത്.
പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ഫോർട്ട് സി.ഐ ജെ. രാകേഷ്, എസ്.ഐമാരായ അഭിജിത്ത് എം, ശ്രീജേഷ് എസ്.എസ് എന്നിവർ ചേർന്നാണ് കേസിൽ അന്വേഷണം നടത്തിയത്. പ്രോസീക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി. കേസിൽ 17 സാക്ഷികളെ വിസ്തരിക്കുകയും 28 രേഖകളും അഞ്ച് തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.