കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ എൽഡിഎഫിനെതിരെ കോൺഗ്രസും ട്വന്റി 20യും ഒന്നിച്ചതോടെ രാഷ്ട്രീയ സമവാക്യം മാറി. വടവുകോട്–പുത്തൻകുരിശ് പഞ്ചായത്തിൽ ട്വന്റി 20യുടെ പിന്തുണയോടെ യുഡിഎഫ് അധികാരം പിടിച്ചു; റെജി തോമസ് പ്രസിഡന്റായി.
ഇതോടെ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ ഒന്നിലും എൽഡിഎഫിന് ഭരണമില്ല. മഴുവന്നൂരിൽ യുഡിഎഫും, തിരുവാണിയൂരിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ട്വന്റി 20യും ഭരണം നേടി. വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം എൽഡിഎഫിന് ലഭിച്ചെങ്കിലും വൈസ് പ്രസിഡന്റ് യുഡിഎഫിനായി.
പൂതൃക്ക പഞ്ചായത്തിൽ പ്രസിഡന്റ് പദവി ട്വന്റി 20ക്കും വൈസ് പ്രസിഡന്റ് യുഡിഎഫിനും ലഭിച്ചു. കുന്നത്തുനാട് പഞ്ചായത്തിൽ യുഡിഎഫ് ഭരണം പിടിച്ചപ്പോൾ, കിഴക്കമ്പലത്തും ഐക്കരനാട്ടും ട്വന്റി 20 അധികാരം നിലനിർത്തി.