തൃശ്ശൂർ: തൃശ്ശൂർ കോർപറേഷനിലെ എൽഡിഎഫ് കൗൺസിലർ ഷീബ ബാബു ബിജെപിയിൽ ചേർന്നു. നീണ്ട പതിനഞ്ച് വർഷമായി കൗൺസിലറായി പ്രവർത്തിക്കുന്ന ഷീബ ബാബുവാണ് മുന്നണി വിട്ടത്. ജെഡിഎസ് നേതാവായ ഇവർ ബിജെപിയുടെ സ്ഥാനാർത്ഥിയായി ഇത്തവണ മത്സരിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ നഗരസഭയിലെ കൃഷ്‌ണപുരം ഡിവിഷനിൽ നിന്ന് എൻഡിഎ സ്ഥാനാർത്ഥിയായി ഷീബയെ ബിജെപി നേതൃത്വം പ്രഖ്യാപിച്ചു.
ജെഡിഎസിൽ നിന്ന് രാജിവച്ചാണ് ഷീബ ബാബു ബിജെപിയിൽ ചേർന്നത്. മുന്നണിയിൽ നേരിട്ട കടുത്ത അവഗണനയാണ് ബിജെപിയിൽ ചേരാൻ കാരണമെന്ന് ഷീബ ബാബു പറഞ്ഞു. രാഷ്ട്രീയ ചുവടുമാറ്റത്തിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അവർ. കോർപറേഷനിലെ നടത്തറ ഡിവിഷനിൽ നിന്നുള്ള എൽഡിഎഫ് കൗൺസിലറായിരുന്നു ഷീബ ബാബു.
തൃശ്ശൂർ കോർപറേഷൻ വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി അധ്യക്ഷനും സിപിഎം നേതാവുമായ വർഗീസ് കണ്ടംകുളത്തിയുടെ നേതൃത്വത്തിൽ ജനങ്ങൾക്ക് ലഭിക്കേണ്ട ഫണ്ട് തടഞ്ഞുവച്ചുവെന്ന് അവർ ആരോപിച്ചു. എൽഡിഎഫിൽ കടുത്ത അവഗണനയാണ് മുന്നണി വിടാൻ കാരണം. ഒന്നിനും കൊള്ളാത്ത കൗൺസിലറായി തന്നെ മാറ്റാനായിരുന്നു അവരുടെ നീക്കം. പറയാവുന്ന എല്ലാ വേദികളിലും പരാതി പറഞ്ഞു മടുത്തു. ജനങ്ങളെ സേവിക്കാനാണ് മത്സരിക്കുന്നതെന്നും എൻഡിഎ പിന്തുണ നൽകുന്നതിൽ സന്തോഷമെന്നും അവർ പറഞ്ഞു. കഴിഞ്ഞ മൂന്ന് തവണ എൽഡിഎഫ് സ്ഥാനാർത്ഥിയായി വിജയിച്ച ഷീബ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ നഗരസഭയിലെ കൃഷ്‌ണപുരം ഡിവിഷനിൽ നിന്ന് എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കും.