തൃശൂർ: ബിസിനസ് തര്‍ക്കത്തെ തുടര്‍ന്ന് എതിര്‍ കച്ചവടക്കാരനെ ഒഴിപ്പിക്കുന്നതിനായി ക്വട്ടേഷന്‍ നല്‍കിയ കേസില്‍ ഇറച്ചി വ്യാപാരി അറസ്റ്റില്‍. അന്തിക്കാട് പടിയം സ്വദേശി പള്ളിപ്പാടന്‍ വീട്ടില്‍ ജസ്റ്റിന്‍ (38) ആണ് അറസ്റ്റിലായത്. കണ്ടശാംകടവ് കരിക്കൊടി സ്വദേശി മേനോത്തുപറമ്പില്‍ വീട്ടില്‍ ഹരീഷ് എന്നറിയപ്പെടുന്ന ആനന്ദന്‍ (46) എന്നയാളെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ സംഭവത്തിലാണ് അറസ്റ്റ്.
കണ്ടശ്ശാംകടവ് മാര്‍ക്കറ്റിനടുത്ത് 10 വര്‍ഷമായി പന്നി ഇറച്ചി കച്ചവടം നടത്തി വരികയാണ് ജസ്റ്റിന്‍. തന്റെ കടക്ക് സമീപത്തായി ആനന്ദനും ഈയിടെ പുതിയ കടയിൽ പന്നി ഇറച്ചി കച്ചവടം തുടങ്ങി. ഇതോടെ ജസ്റ്റിന്റെ വരുമാനം കുറഞ്ഞു. ഇത് ഇരുവരും തമ്മിൽ പതിവായി തർക്കത്തിന് കാരണമായി.
തുടര്‍ന്ന് ആനന്ദനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കാനായി ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ള, നിരവധി കേസുകളിൽ പ്രതിയായ സൂര്യപുത്രി എന്നറിയപ്പെടുന്ന സുനിത, നെടുപുഴ സ്വദേശി ജിത്തു എന്നിവർക്ക് ജസ്റ്റിൻ ക്വട്ടേഷൻ നൽകി. ഇതുമായി ബന്ധപ്പെട്ട സംസാരങ്ങളും വീഡിയോകളും പ്രചരിച്ചു. പൊലീസിന് ലഭിച്ച വീഡിയോ പരിശോധിച്ചതിൽ നിന്നാണ് ആക്രമണം ജസ്റ്റിൻ ആസൂത്രണം ചെയ്തതാണെന്ന് കണ്ടെത്തിയത്. തുടർന്ന് ജസ്റ്റിനെതിരെ കേസെടുക്കുകയായിരുന്നു. ഇരിങ്ങാലക്കുട ഡിവൈഎസ്‌പി ഷാജു സി.എല്ലിൻ്റെ നേതൃത്വത്തിൽ അന്തിക്കാട് എസ്എച്ച്ഒ വി.എം.കേഴ്സൺ, എസ്.ഐ.അഫ്സൽ, ജി.എസ്.ഐ.മാരായ കൊച്ചുമോൻ ജേക്കബ്, സജീവ്, ജി.എസ്.സി.പി.ഒ അജേഷ്, സി.പി.ഒ രാമചന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.